മകരവിളക്കിന് 5നാള്‍ മാത്രം ബാക്കിനില്‍ക്കെ ശബരിമലയില്‍ തിരക്ക് വര്‍ദ്ധിക്കുന്നു. അന്യസംസ്ഥാനത്തു നിന്നടക്കം നിരവധി ഭക്തരാണ് ദര്‍ശ്ശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്.അതേ സമയം തിരക്ക് പരിഗണിച്ച് പമ്പയില്‍ സജ്ജീകരിച്ച സ്‌പോട്ട് ബുക്കിങ്ങ് നിലയ്ക്കലിലേക്ക് വെള്ളിയാഴ്ചയോടെ മാറ്റും.
മണ്ഡല - മകരവിളക്ക് കാലയളവില്‍ ഇതുവരെ ശബരിമല ദര്‍ശനം നടത്തിയത് അരക്കോടിയിലേറെ തീര്‍ത്ഥാടകരാണ്. ബുധനാഴ്ച ഉച്ചവരെ ലഭിച്ച കണക്ക് അനുസരിച്ച് 50,86667 പേര്‍ ദര്‍ശനത്തിന് എത്തി. 40,95566 ഭക്തരാണ് മണ്ഡലകാലത്ത് എത്തിയത്. മകരവിളക്ക് ഉത്സവത്തിന് നടതുറന്ന 30 മുതല്‍ ബുധനാഴ്ച ഉച്ചവരെ 9,91101 തീര്‍ത്ഥാടകര്‍ ദര്‍ശനം പൂര്‍ത്തിയാക്കി.
മകരവിളക്കിനായി നടതുറന്ന ശേഷമുള്ള എല്ലാദിനങ്ങളിലും ലക്ഷത്തിനടുത്ത് തീര്‍ത്ഥാടകര്‍ എത്തുന്നുണ്ട്. മകരവിളക്കിന് 5 ദിനങ്ങള്‍ മാത്രം അവശേഷിക്കേ സമാനമായ തിരക്ക് ഉണ്ടാവും എന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡും പോലീസും കണക്കുകൂട്ടുന്നത്. ഇതിന്റെ ഭാഗമായി മകരവിളക്ക് ഉത്സവ ദിവസവും അതിന് മുന്‍പുള്ള രണ്ട് ദിവസങ്ങളിലും ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം വെര്‍ച്ച്വല്‍ ക്യൂവിന്റെയും സ്‌പോട്ട് ബുക്കിങ്ങിന്റെയും എണ്ണത്തില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്.
മകരവിളക്ക് ദിനത്തില്‍ അടക്കം സുഖ ദര്‍ശനത്തോടൊപ്പം തീര്‍ത്ഥാടകരുടെ സുരക്ഷ കൂടി മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ മുന്നൊരുക്കങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ്. അതേ സമയം പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നിലയ്ക്കലിലേക്ക് മാറ്റാന്‍ ദേവസ്വം ബോര്‍ഡ് നീക്കം തുടങ്ങി.
പമ്പയില്‍ പ്രവര്‍ത്തിച്ചിരുന്ന ഏഴ് കൗണ്ടറുകളാണ് വെള്ളിയാഴ്ചയോടെ നിലയ്ക്കലിലേക്ക് മാറ്റുന്നത്. പമ്പയിലെ തീര്‍ത്ഥാടക തിരക്കിന് ഒപ്പം സ്‌പോര്‍ട്ട് ബുക്കിങ്ങിനായി എത്തുന്നവരുടെ തിരക്ക് കൂടി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇക്കാര്യത്തില്‍ പോലീസ് മുമ്പ് തന്നെ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.
നിലയ്ക്കലില്‍ നിന്നും പ്രതിദിനം അയ്യായിരം പേര്‍ക്ക് മാത്രം ബുക്കിങ് നല്‍കി പമ്പയിലേക്ക് കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്. അധികമായി എത്തുന്നവര്‍ക്ക് നിലയ്ക്കലില്‍ വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കും.