ആന ശ്വാസം എടുക്കുമ്പോൾ മുറിവിൽ നിന്ന് പഴുപ്പ് പുറത്തേക്ക് തള്ളുകയാണ്.മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കണ്ടെത്തിയ കാട്ടാനയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്ക. ആനയുടെ മസ്തകത്തിലെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുന്നതാണ് ദൃശ്യങ്ങൾ. ആന ശ്വാസം എടുക്കുമ്പോൾ മുറിവിൽ നിന്ന് പഴുപ്പ് പുറത്തേക്ക് തള്ളുന്ന നിലയിൽ.
മണിക്കൂറോളം വെള്ളത്തിൽ ഇറങ്ങിനിന്നും, മസ്തകത്തിലേക്ക് മണ്ണ് വാരി ഇടുകയും ആണ് ആന ഇപ്പോൾ ചെയ്യുന്നത്. ഇത് മുറിവ് മൂലമുള്ള കടുത്ത അസ്വസ്ഥത മൂലമാണെന്നാണ് വന്യജീവി സംരക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ആനയ്ക്ക് കടുത്ത ശാരീരിക അവശതകളുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് വന്യജീവി സംരക്ഷകർ വ്യക്തമാക്കുന്നു.. എന്നാൽ ആനയുടെ മുറിവിൽ നിന്ന് പഴുപ്പ് ഒലിക്കുമ്പോഴും ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലെന്നാണ് വനംവകുപ്പിൻ്റെ വാദം. ആനയ്ക്ക് നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചികിത്സിക്കേണ്ട സാഹചര്യം ഇല്ലെന്നും ആണ് വനംവകുപ്പ് പറയുന്നത്.
ദിവസങ്ങൾക്കു മുൻപാണ് മസ്തകത്തിൽ മുറിവേറ്റ നിലയിൽ അതിരപ്പിള്ളിയിൽ കാട്ടാനയെ കണ്ടെത്തുന്നത്. തലയിൽ വെടിയേറ്റ മുറിവാണെന്ന ആരോപണമുയർന്നെങ്കിലും ആനകൾ കുത്തുകൂടുന്നതിനിടയിൽ ഉണ്ടായ പരിക്കാണ് ഇതെന്നാണ് വനംവകുപ്പ് വ്യക്തമാക്കിയത്. അടിയന്തര ചികിത്സ നൽകിയില്ലെങ്കിൽ ആനയുടെ ജീവൻ തന്നെ നഷ്ടമായെക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്നാണ് പ്രദേശവാസികളും വന്യജീവി സംരക്ഷകരും പറയുന്നത്.