ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26വരെ സാഹിത്യ നഗരിയായ കോഴിക്കോട് നടക്കും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന പരിപാടി 23ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 6 ബുക്കർ സമ്മാന ജേതാക്കളും രണ്ട് നോബൽ സമ്മാന ജേതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ കെ.എൽ.എഫിൻ്റെ ഭാഗമാകും.
സാഹിത്യത്തിന്റെയും സംസ്ക്കാരത്തിന്റെയും സംഗമമായ കെ.എൽ. എഫിൽ 15 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുക്കും. ജെന്നി ഏർപെൻബെക്ക്, പോൾ ലിഞ്ച്, മൈക്കൽ ഹോഫ്മാൻ, ഗൌസ്, സോഫി മക്കിന്റോഷ്, ജോർജി ഗൊസ്പോഡിനോവ് എന്നീ ബുക്കർ സമ്മാനജേതാക്കളുടെ സാന്നിധ്യമാണ് ഇത്തവണത്തെ ഫെസ്റ്റിന്റെ പ്രത്യേകത.
ഇതാദ്യമായാണ് ആറ് ബുക്കർ സമ്മാനജേതാക്കൾ ഒന്നിച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. നൊബേൽ സാഹിത്യജേതാക്കളായ ഡോ. വെങ്കി രാമകൃഷ്ണനും എസ്തർ ഡുഫ്ലോ എന്നിവരും എത്തുന്നുണ്ട്. ആറ് ലക്ഷത്താളം പേർ കാണികളായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണത്തെ അതിഥിരാജ്യമായി എത്തുന്നത് ഫ്രാൻസ് ആണ്. ഇവരെ കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ സാഹിത്യകാരന്മാരും കലാകാരന്മാരും വേദി അലങ്കരിക്കും.
ഫെസ്റ്റിവലിന് മാറ്റുകൂട്ടുന്ന കലാസാംസ്കാരികപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് ഫെസ്റ്റിവലിന്റെ ചീഫ് ഫെസിലിറ്റേറ്ററായ രവി ഡി സി പറഞ്ഞു. കുട്ടികളിലെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുന്നതിനായി കഥപറച്ചിൽ, ശിൽപ്പശാലകൾ, ഇന്റർ ആക്ടീവ് സെഷനുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
അതേസമയം ആഗോള പ്രശ്നങ്ങൾ, ശാസ്ത്രം, പുരാതന തത്വചിന്ത തുടങ്ങി വിവിധ വിഷയങ്ങളും ചർച്ച ചെയ്യപ്പെടും.കെ.എൽ. എഫ് ബുക്ക് ഓഫ് ദി ഇയർ അവാർഡിന് ഈ വർഷത്തെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ തുടക്കം കുറിക്കും. വിജയികളെ ജനുവരി 25ന് നടക്കുന്ന അവാർഡുദാന ചടങ്ങിൽ പ്രഖ്യാപിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും ലഭിക്കും.