Share this Article
കാത്തിരിപ്പിന് വിരാമമിട്ട് യെമനില്‍ നിന്നും ദിനേഷ് നാട്ടിലെത്തി
Dinesh Finally Returns Home from Yemen

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് തൃശ്ശൂർ  സ്വദേശി ഒടുവില്‍ യെമനില്‍ നിന്നും നാട്ടിലെത്തി. ഇരിങ്ങാലക്കുട  പൂമംഗലം എടക്കുളം സ്വദേശി  49 വയസ്സുള്ള  ദിനേഷ് ആണ് 10  വർഷങ്ങൾക്കുശേഷം    തന്റെ പ്രിയപ്പെട്ടവരുടെ അരികില്‍ എത്തിയത്.

അച്ഛനെ നേരില്‍ കണ്ട ഓര്‍മ്മയില്ലാത്ത മക്കളായ പത്ത് വയസുക്കാരന്‍ സായ് കൃഷ്ണയും, പന്ത്രണ്ട് കാരി  കൃഷ്ണ വേണിയും നിറകണ്ണുകളോടെയാണ് ദിനേഷിനെ വരവേറ്റത്.

സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ജീവിതം കരയ്ക്കടുപ്പിക്കാന്‍ 2014 ല്‍ ആണ്  ദിനേഷ് യെമനിലേയ്ക്ക് പോകുന്നത്.പിന്നീട് യെമനില്‍ യുദ്ധം പൊട്ടിപുറപെടുകയും ഇതിനിടയില്‍ സ്പോണ്‍സറുടെ കൈയ്യില്‍ ദിനേഷിന്റെ  പാസ്പോര്‍ട്ട് അകപെടുകയും ചെയ്തു.തിരികെ പോരാന്‍ സാധിക്കാതെ യെമനില്‍ കഷ്ടതകള്‍ക്ക് നടുവിലായി പിന്നീടുള്ള ജീവിതം.

ദിനേഷിനെ തിരികെ എത്തിയ്ക്കാന്‍ കുടുംബവും, സുഹൃത്തുക്കളും നിരവധി പേരെ കാണുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നുവെങ്കില്ലും ഫലമുണ്ടായില്ല. ഇതിനിടെയാണ് വിഷയം നാട്ടുകാരനും പൊതുപ്രവർത്തകനും കൂടിയായ  വിപിന്‍ പാറമേക്കാട്ടിലിന് മുന്നില്‍ പൂമംഗലം സ്വദേശി  ഉണ്ണി  മുഖേന എത്തുന്നത്. ഇതോടെ ഇന്ത്യന്‍ എംബസിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായി വിപിന്‍  ഇടപെടുകള്‍ നടത്തി. ഒപ്പം വലിയ തുക വിടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി യെമനിലേയ്ക്ക് അയച്ച് നൽകുകയും ചെയ്തു. 

കോട്ടയം സ്വദേശി ഷിജു ജോസഫ്,  സാമൂവല്‍ ജെറോം എന്നിവരും ദിനേശിന്റെ വിടുതലനായി ഇടപെട്ടു. ഇതെല്ലാമാണ്  ദിനേഷിന് തിരികെ നാട്ടില്‍ എത്താനുള്ള വഴിയൊരുങ്ങിയത്. ദിനേഷിനെ സ്വീകരിക്കാന്‍ ആയി വിപിന്‍ പാറമേക്കാട്ടിലും ഉണ്ണി പൂമംഗലവും എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു.പിന്നീട് ദിനേഷിന്റെ വീടായ എടക്കുളത്തേയ്ക്ക്. സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം തന്നെ ദിനേഷിനെ സ്വീകരിക്കാനായി കാത്ത് നിന്നിരുന്നു.

ബാങ്കില്‍ ജപ്തി കാത്ത് കിടക്കുന്ന ദിനേഷിന്റെ വീട് തകര്‍ന്ന് നാമാവിശേഷമായ അവസ്ഥയിലായിരുന്നു. ദിനേശന് സ്വന്തമായി വീടും ജോലിയും ഉറപ്പ് വരുത്തി  കുടുംബത്തെ കൈ പിടിച്ച് ഉയര്‍ത്താന്‍ ആയി എല്ലാ വിധ പരിശ്രമവും ഉണ്ടാകുമെന്നും വിപിൻ പാറമേക്കാട്ടിൽ ഉറപ്പു നൽകി.തുടര്‍ന്ന്  ദിനേശ്  കുടുംബം താമസിക്കുന്ന നെടുമ്പാളിലെ ഭാര്യ ഗൃഹത്തിലേയ്ക്ക്..

പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം മടങ്ങിയെത്തിയ ദിനേഷ് വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടനെ മക്കളും ഭാര്യ അനിതയും ഓടിയെത്തി.കെട്ടിപിടിച്ച് മുത്തം നല്‍കി. വിശേഷങ്ങള്‍ പങ്ക് വെച്ചു.അപ്പോഴേയ്ക്കും മധുര വിതരണവും ആരംഭിച്ചിരുന്നു.തിരികെ എത്താന്‍ സാധിച്ചത് സപ്‌ന തുല്യമാണെന്നും ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയാം എന്ന സന്തോഷം മാത്രമാണ് ഇപ്പോഴുള്ളതെന്നും ദിനേഷ് മാധ്യമങ്ങളോട് പങ്ക് വെച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories