ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ട്വന്റി ട്വന്റി നാളെ. രാത്രി ഏഴുമണിക്ക് രാജ്‌കോട്ടിലാണ് മത്സരം. ആദ്യ രണ്ടുമത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര ലക്ഷ്യമിട്ടാണ് മൂന്നാം മത്സരത്തിനിറങ്ങുന്നത്.
ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം തുടരുന്ന താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. പരമ്പര ലക്ഷ്യമിട്ട് മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോള്‍ ബാറ്റിങ്ങില്‍ അഭിഷേക് ശര്‍മ തിലക് വര്‍മ, സഞ്ജു സാംസണ്‍ തുടങ്ങിയ താരങ്ങളിലാണ് പ്രതീക്ഷ. ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏതു ഘട്ടത്തിലും ടീമിന് കരുത്താകും. വരുണ്‍ ചക്രവര്‍ത്തി അര്‍ഷ്ദീപ് സിംഗ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ ബൗളിങ്ങില്‍ ചേരുമ്പോള്‍ ഇന്ത്യയ്ക്ക് ആശങ്കയില്ല.
അതേസമയം നായകന്‍ ജോസ് ബട്ട്‌ലര്‍ക്കൊപ്പം മറ്റുതാരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവക്കാത്തതാണ് ഇംഗ്ലണ്ട് നേരിടുന്ന പ്രതിസന്ധി. ഫില്‍ സാള്‍ട്ട്, ബെന്‍ ഡക്കറ്റ്, ലിവിങ്സ്റ്റണ്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഫോമിലേക്കുയരാന്‍ കഴിയുന്നില്ല. ബൗളിങ്ങില്‍ ബ്രൈഡന്‍ കാര്‍സ്,ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ് എന്നിവര്‍ സന്ദര്‍ശകര്‍ക്ക് കരുത്തേകും. രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 72 റണ്‍സെടുത്ത തിലക് വര്‍മയുടെ ബാറ്റിങ്ങ് കരുത്തിലാണ് ഇന്ത്യ ആവേശ ജയം സ്വന്തമാക്കിയത്. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ പരമ്പര നേടാനുറച്ച് സൂര്യകുമാര്‍ യാദവും സംഘവും ഇറങ്ങുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഏതുവിധേനയും ജയം സ്വന്തമാക്കാനാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്.