തൃശ്ശൂർ കോടന്നൂരിലെ ബാറിന്റെ പാർക്കിങ്ങിൽ വച്ച് ഓട്ടോറിക്ഷ ദേഹത്ത് തട്ടിയ കാരണത്താൽ യാത്രക്കാരനെ ആക്രമിച്ച സംഭവത്തിലെ പ്രതികൾ പിടിയിലായി. കോടന്നൂർ സ്വദേശി ശ്രീനിർമൽ, അമ്മാടം സ്വദേശി അക്ഷയ്, പനമുക്ക് സ്വദേശി അഖിലേഷ് എന്നിവരെയാണ് തിരുവനന്തപുരത്ത് നിന്നും ചേർപ്പ് പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടാം തിയ്യതി രാത്രി പത്തുമണിയോടെ കോടന്നൂരിലെ പൂരം ബാറിനൻെറ പാർക്കിങ്ങിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. ചേർപ്പ് സ്വദേശി അഖിൽ കൃഷ്ണനെയാണ് പ്രതികൾ ക്രൂരമായി മർദ്ദിച്ചത്. ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷ ദേഹത്ത് തട്ടിയതിലുള്ള വൈരാഗ്യത്തിൽ പ്രതികൾ സംഘം ചേർന്നു അഖിലിനെ മർദ്ദിക്കുകയായിരുന്നു.
ബൈക്കിൻെറ താക്കോൽ ഉപയോഗിച്ച് അഖിലിന്റെ വായിലും മൂക്കിലും മർദ്ദിച്ച ശേഷം കൈ കൊണ്ട് മുഖത്തും തലയിലും ഇടിച്ചു. ഇതിനിടെ ഓട്ടോയിൽ കയറിയ അഖിലിനെ വാഹനത്തിൽ നിന്നും വലിച്ചിറക്കി വീണ്ടും ഹെൽമെറ്റ് കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു.
സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളെ ശാസ്ത്രീയമായ അന്വേഷണങ്ങൾക്കും, രഹസ്യ വിവരത്തിന്റെയും അടിസ്ഥാനത്തിൽ തിരുവനന്തപുരത്തു നിന്നുമാണ് പിടികൂടിയത്.