മസ്തകത്തിൽ മുറിവേറ്റ ആനയ്ക്ക് തുടർ ചികിത്സ നൽകാൻ ഡോക്ടർ അരുൺ സക്കറിയ അതിരപ്പള്ളിയിലെത്തും. വെള്ളിയാഴ്ച അതിരപ്പള്ളിയിൽ എത്തുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ വെള്ളിയാഴ്ച തന്നെ ദൗത്യവും ആരംഭിച്ചേക്കും.
അതേസമയം ആനയ്ക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയെന്ന് വാഴച്ചാൽ ഡി എഫ് ഒ ആർ ലക്ഷ്മി അറിയിച്ചു. അഭയാരണ്യം ഫോറെസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. ബിനോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്. മയക്കു വെടി വെച്ച് ആനയെ പിടികൂടുകയാണെങ്കിൽ ചികിത്സ നൽകാനായി കോടനാട് പ്രത്യേക ആനക്കൊട്ടിൽ സജ്ജീകരിക്കാനും വനം വകുപ്പ് നീക്കം ആരംഭിച്ചു.
ഈ കഴിഞ്ഞ ജനുവരി 24നാണ് ഡോക്ടർ അരുൺ നേതൃത്വത്തിലുള്ള സംഘം ആനയെ ചികിത്സിച്ചത്. പിന്നീട് കഴിഞ്ഞ ദിവസം മുറിവിൽ നിന്നും പുഴു അരിച്ചിറങ്ങുന്ന നിലയിൽ ആനയെ വീണ്ടും കണ്ടെത്തുകയായിരുന്നു.