കണ്ണൂര്‍ അഴീക്കോട് നീര്‍ക്കടവില്‍ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം സംഭവിച്ചത്. തെയ്യം ഉത്സവത്തിന്റെ ഭാഗമായി നാട്ടിലെ ചില യുവാക്കള്‍ അമിട്ട് പൊട്ടിച്ചിരുന്നു. അതില്‍ മുകളില്‍ പോയി പൊട്ടാതിരുന്ന നാടന്‍ അമിട്ട് താഴേക്ക് വീണ് ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് പൊട്ടുകയായിരുന്നു.
ഗുരുതര പരിക്കേറ്റയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 12 വയസ്സുള്ള കുട്ടിയും ഉണ്ട്.
തെയ്യം ഇറങ്ങുന്നതിന്റെ തൊട്ടുമുന്‍പായിരുന്നു അപകടം. അതുകൊണ്ടുതന്നെ അപകടസമയത്ത് നിരവധി പേര്‍ സ്ഥലത്തുണ്ടായിരുന്നു.