റഷ്യ യുക്രൈന്‍ യുദ്ധം അതിന്റെ പാരമ്യത്തിലെത്തിയിട്ട് ഇന്ന് 3 വര്‍ഷം തികയുകയാണ്. 2014ല്‍ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നെങ്കിലും യുക്രൈനുമേലുള്ള റഷ്യയുടെ 2022ലെ കടന്നാക്രമണമാണ് യുദ്ധത്തിലേക്ക് നയിച്ചത്.
പ്രത്യേക സൈനിക നടപടി എന്ന പേരില്‍ 2022ല്‍ യുക്രൈനിയന്‍ മണ്ണിലേക്ക് റഷ്യന്‍ സൈന്യം ഇരച്ച് കയറുമ്പോള്‍ അനായാസവിജയമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അധിനിവേശം പൂര്‍ണതയിലെക്കെത്തിക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിഞ്ഞില്ല എന്ന് മാത്രമല്ല യുക്രൈന്‍ മികച്ച രീതിയില്‍ അധിനിവേശത്തെ പ്രതിരോധിക്കുകയും ചെയ്തു.
നാറ്റോ അംഗത്വം നേടുന്നതില്‍ നിന്നും യുക്രൈനെ പിന്തിരിപ്പിക്കുക എന്നതായിരുന്നു റഷ്യയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. വിഭജനത്തിന് ശേഷം യുക്രൈന്റെ കൈവശമെത്തിയ ആണവസമ്പത്തും റഷ്യ നോട്ടമിട്ടിരുന്നു. പിന്നീടങ്ങോട്ട് ലോകരാജ്യങ്ങളില്‍ നിന്നും അവഗണനയാണ് റഷ്യ നേരിട്ടത്.
വാണിജ്യരംഗങ്ങളിലടക്കം റഷ്യക്ക് അയിത്തം കല്‍പ്പിക്കുകയും യുക്രൈന് പിന്തുണ നല്‍കുകയും ചെയ്തു ഭൂരിഭാഗം രാജ്യങ്ങളും. മേഖലകള്‍ കേന്ദ്രീകരിച്ചുള്ള റഷ്യന്‍ ആക്രമണങ്ങള്‍ യുക്രൈന്‍ തന്നാലാവുന്ന രീതിയില്‍ ചെറുത്തെങ്കിലും, കനത്ത പ്രഹരങ്ങള്‍ റഷ്യന്‍ സേനയ്ക്ക് മേല്‍ വര്‍ഷിച്ചെങ്കിലും യുക്രൈനുണ്ടായ നഷ്ടങ്ങളുടെ കണക്ക് ഏറെ വലുതായിരുന്നു.
നിലവില്‍ യുക്രൈന്റെ 11% ശതമാനം ഭൂമി റഷ്യയുടെ നിയന്ത്രണത്തിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദശലക്ഷക്കണക്കിന് ജനങ്ങളാണ് തങ്ങളുടെ സ്വന്തം ഭൂമി ഉപേക്ഷിച്ച് റഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പലായനം ചെയ്തത്.
2024ലെ കണക്കുകള്‍ പ്രകാരം ജര്‍മ്മനിയില്‍ ഏകദേശം 1.2 ദശലക്ഷവും പോളണ്ടില്‍ ഏകദേശം 1 ദശലക്ഷവും ചെക്ക് റിപ്പബ്ലിക്കില്‍ 390,000 ഉം ഉള്‍പ്പെടെ 6.3 ദശലക്ഷത്തിലധികം ഉക്രേനിയന്‍ സ്വദേശികളാണ് യുദ്ധമുഖത്ത് നിന്നും അഭയം തേടിയെത്തിയത്.
ട്രംപിന്റെ രണ്ടാം വരവ് യുദ്ധത്തിന് വിരാമമിടാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും സമാധാനത്തിന്റെ കാറ്റ് യുക്രൈനിയിന്‍ മണ്ണില്‍ വീശാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നത് ഉയരുന്ന വിമര്‍ശനങ്ങളില്‍ നിന്ന് വ്യക്തം.