നാഗ്‌പൂർ:കന്നിക്കിരീടം ലക്ഷ്യമാക്കി രഞ്ജി ട്രോഫി ഫൈനലിനിറങ്ങിയ കേരളത്തിനെതിരെ വിദർഭ മികച്ച നിലയിൽ. ഇന്നിങ്സിന്റെ തുടക്കത്തിൽ വിദർഭയുടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും ഡാനിഷ് മലേവാർ–കരുൺ നായർ സഖ്യം ടീമിനെ മികച്ച നിലയിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ ദിനം അവസാനിച്ചപ്പോൾ 254ന് 4 എന്ന നിലയിലാണ് വിദർഭ.ടോസ് നേടി ബോളിങ്ങ് തെരഞ്ഞെടുത്ത കേരളത്തിന് മികച്ച തുടക്കമാണ് നാഗ്പൂരിൽ ലഭിച്ചത്. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെക്കുന്ന രീതിയിൽ കേരള താരങ്ങൾ പന്തെറിഞ്ഞു. കളിയാരംഭിച്ച രണ്ടാം പന്തിൽ തന്നെ വിദർഭയുടെ പാർഥ് രേഖാഡെയെ (2 പന്തിൽ 0) നീധീഷ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. പിന്നാലെ ദർശൻ നൽക്കാണ്ടെയെയും (21 പന്തിൽ 1) നിതീഷിന് മുന്നിൽ വീണു.പ്രതിരോധത്തിലൂന്നി ബാറ്റേന്തിയ ധ്രുവ് ഷോറെയെ (35 പന്തിൽ 16) ഏദൻ ആപ്പിൾ ടോം വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ വിദർഭ 24/3 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാൽ നാലാം വിക്കറ്റിൽ കരുൺ നായരും ഡാനിഷും ചേർന്ന് വിദർഭയുടെ റൺസ് ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് 230 റൺസാണ് വിദർഭയുടെ സ്‌കോർബോർഡിൽ എഴുതിച്ചേർത്തത്.ഡാനിഷ് (138*) സെഞ്ചുറി നേടിയപ്പോൾ കരുണിനെ (86) സെഞ്ചുറിക്ക് തൊട്ടടുത്ത് നിന്ന് കേരളം റൺ ഔട്ടാക്കി. ഡാനിഷിനോടൊപ്പം യാഷ് താക്കൂറാണ് നിലവിൽ ക്രീസിൽ.