കൊച്ചിന്‍ റിഫൈനറിയില്‍ നിന്നും പുറത്ത് വരുന്ന രാസമാലിന്യങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നുവെന്ന് പരാതി. റിഫൈനറിയുടെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രാസ പദാര്‍ത്ഥങ്ങളാണ് കാറ്റില്‍ പറന്ന് അയ്യന്‍കുഴിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നത്. രാസമാലിന്യം കിണറുകളില്‍ അടക്കം കലരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ റിഫൈനറിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
ചെറിയൊരു കാറ്റ് വീശിയാല്‍ അയ്യന്‍കുഴിയിലെ ജനവാസ മേഖലകളിലേക്ക് കൊച്ചിന്‍ റിഫൈനറിയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ പറന്നെത്തും. നിമിഷ നേരം കൊണ്ട് കിണറുകളിലും വീടുകള്‍ക്കുള്ളിലേക്കും രാസമാലിന്യം എത്തുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുടെ വക്കിലാണ് ഇവിടുത്തെ ജനങ്ങള്‍.
റിഫൈനറിയില്‍ നിന്നുള്ള മാരക രാസപദാര്‍ത്ഥമായ കാറ്റലിസ്റ്റാണ് അയ്യന്‍കുഴി പ്രദേശത്തേയ്ക്ക്എത്തുന്നത്. രാസപദാര്‍ത്ഥങ്ങള്‍ എത്തുന്നത് തടയണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലുംനടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
റിഫൈനറിയുടെ സമീപ പ്രദേശത്തെ അയ്യന്‍കുഴിയില്‍ മുമ്പ് നാല്‍പ്പത്തഞ്ചോളം കുടുംബങ്ങള്‍ താമസിച്ചിരുന്നതാണ്. എന്നാല്‍ റിഫൈനറിയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ പതിവായി എത്താന്‍ തുടങ്ങിയതോടെ പലരും ഇവിടെ നിന്നും താമസം മാറുന്ന സാഹചര്യമാണിപ്പോള്‍.