കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേറ്റ്, ഭാര്യ ഫ്ലേവിയ എന്നിവരാണ് മരിച്ചത്. സൈബർ അറസ്റ്റിലൂടെ ഇവർക്ക് 50 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ സുബിത് ബിറ, അനിൽ യാദവ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇരുവരുടെയും മൊബൈൽ സിംകാർഡ് ഉപയോഗിച്ച് ഒരാൾ ക്രിമിനൽ തട്ടിപ്പുകൾ നടത്തുന്നുണ്ടെന്നും കേസിൽ ഇരുവരും ഉൾപ്പെടും എന്നും ഭീഷണിപ്പെടുത്തിയാണ് ഇവർ ദമ്പതികളിൽ നിന്നും പണം തട്ടിയത്. പല തവണകളായി ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു. ഇനിയും പണം നൽകിയില്ലെങ്കിൽ ഡിജിറ്റൽ അറസ്റ്റ് ഉണ്ടാകുമെന്ന ഭയത്തിലാണ് ജീവനൊടുക്കിയതെന്നാണ് വീട്ടിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്.