തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഐ. ബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയാറാക്കി. ഇരുവരും വിവാഹിതരായെന്ന് തെളിയിക്കുന്ന രേഖകളാണ് വ്യാജമായി തയാറാക്കിയത്. വ്യാജ കല്യാണ ക്ഷണക്കത്ത് ഉൾപ്പടെ പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ജൂലായിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത്
ഗർഭചിദ്രത്തിനായി എത്തിച്ചത്. ഗർഭചിദ്രം നടത്തിയെന്ന് തെളിയിക്കുന്ന ചികിത്സ രേഖകളൾ പൊലീസിന് ലഭിച്ചു. ആശുപത്രി നടപടികൾക്കായി വിവാഹിതരെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ സുകാന്ത് തയാറാക്കിയിരുന്നു. ഇതിന് പിന്നാലെ വ്യാജമായി തയ്യാറാക്കിയ കല്യാണ ക്ഷണക്കത്ത് ഉൾപ്പടെ പൊലീസ് കണ്ടെത്തി.
ഗർഭചിദ്രത്തിന് ശേഷം സുകാന്ത് വിവാഹത്തിൽ നിന്ന് പിൻമാറി. ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിന് ഏതാനും ദിവസം മുൻപ് വിവാഹത്തിന് സമ്മതമല്ലന്ന് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചു. മറ്റൊരു യുവതിയുമായി സുകാന്തിന് ബന്ധമുള്ളതായി സൂചനയും ലഭിച്ചിട്ടുണ്ട്. ഇതാണ് വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള കാരണമെന്നും സംശയിക്കുന്നു.
അതോടൊപ്പം, മൂന്നേകാൽ ലക്ഷത്തോളം രൂപ ഐ ബി ഉദ്യോഗസ്ഥയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രതി സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും പോലീസ് സ്ഥിരീകരിച്ചു.
സുകാന്തിന്റെ മുൻകൂർ ജാമ്യത്തെ എതിർക്കാനായി പൊലീസ് ഈ വിവരങ്ങൾ കോടതിയെ അറിയിക്കും. ഉദ്യോഗസ്ഥയുടെ കുടുംബവും ഗർഭഛിദ്രത്തിന്റെ തെളിവടക്കം കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.