ഗിന്നസ് റിക്കോർഡ് സ്വന്തമാക്കി ഇടുക്കി പീരുമേട് സ്വദേശി ലിനു പീറ്റിന്റെ കുഞ്ഞൻ ആടും കുട്ടിയും.ലിനുവിൻ്റെ കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള ഈ പെണ്ണാടിൻ്റെ ഉയരം നാല്പത് സെൻ്റീമീറ്റർ മാത്രമാണ്.
ലോകത്തിലെ ഏറ്റവും ചെറിയ, പ്രസവിച്ച ആട് എന്ന പദവിയാണ് ലിനു പീറ്ററിൻ്റെ ആടിനെ തേടിയെത്തിയത്. അധ്യാപകൻ കൂടിയായ ലിനു 15 വർഷം മുമ്പാണ് കനേഡിയൻ പിഗ്മി ഇനത്തിലുള്ള ഒരു ജോഡി ആടുകളെ വാങ്ങുന്നത്.ഇപ്പോൾ 3 ആൺ ആടും 5 പെണ്ണാടും 20 കുഞ്ഞുങ്ങളും ഉണ്ട്. ഇണചേർക്കുമ്പോൾ ഒരോ തവണയും ഒരോ ആണാടിനെയാണ് ഉപയോഗിക്കുക.വംശ ഗുണം നിലനിർത്താനാണിങ്ങനെ ചെയ്യുന്നത്. പൊക്കം കുറഞ്ഞ ആടിൻ്റെ കുട്ടിക്ക് ആറു മാസം പ്രായം ആയി.ഗിന്നസ് അധികൃതർ നൽകിയ നിയമാവലി അനുസരിച്ച് ആണ് രേഖകൾ തയാറാക്കിയത്. അപേക്ഷ നൽകി 21-ാം ദിവസം ലിനുവിൻ്റെ ആടിന് ഗിന്നസ് റിക്കോഡും ലഭിച്ചു.
സർക്കാർ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ആടിന്റെ പ്രായം, ബ്രീഡ് ,അളവുകൾ എല്ലാം രേഖപ്പെടുത്തിയത് .വിവിധ പക്ഷിമൃഗാദികളെ പരിപാലിക്കുന്ന ലിനുവിൻ്റെ ഫാമിന് മേൽനോട്ടം വഹിക്കുന്നത് ഭാര്യ അനു ജോസും വിദ്യാർത്ഥികളായ ലൂദ് ,ലിനറ്റ് എന്നിവരും ചേർന്നാണ്. കുഞ്ഞൻ ആടിനെ തേടി ഗിന്നസ് റിക്കോർഡ് എത്തിയതിൻ്റെ സന്തോഷത്തിലാണ് ഈ കുടുംബം.