വിഴിഞ്ഞം തുറമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കുന്നതിനുള്ള കരാർ ഉടൻ ഒപ്പുവയ്ക്കും. അടുത്ത ആഴ്ച കരാറിൽ ഒപ്പുവയ്ക്കാനാണ് തീരുമാനം. ഇതിനിടെ പാരിസ്ഥിതികാനുമതി ലഭിച്ച സാഹചര്യത്തിൽ തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട നിർമാണ പ്രവർത്തികൾക്ക് തുടക്കമായി.
കേന്ദ്രസർക്കാരിൽ നിന്നുള്ള വി.ജി. എഫ് തുകയായ 817.8 കോടി രൂപ സ്വീകരിക്കാൻ കഴിഞ്ഞ മന്ത്രിസഭ യോഗത്തിലാണ് തീരുമാനമായത്. ഈ സാഹചര്യത്തിൽ എത്രയും വേഗം കരാറിൽ ഒപ്പുവയ്ക്കാനാണ് സർക്കാർ തീരുമാനം. കരാർ ഒപ്പിടുന്നതിനായി വരുന്ന ബുധനാഴ്ച കേന്ദ്ര തുറമുഖ വകുപ്പ് സെക്രട്ടറിയുൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ കേരളത്തിൽ എത്തും. കേന്ദ്രം കടുംപിടിത്തം തുടർന്നതിനാലാണ് വിജിഎഫ് വായ്പയായി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമായത്.
തുറമുഖം കമ്മീഷൻ ചെയ്താലാകും വിജിഎഫ് ലഭിക്കുക. അടുത്ത മാസം കമ്മീഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. കമ്മീഷനിംഗിനായി പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചേയ്ക്കും.
പാരിസ്ഥിതികാനുമതി ലഭിച്ച സാഹചര്യത്തിൽ രണ്ടും മൂന്നും ഘട്ട നിർമാണ പ്രവർത്തികളുടെ പ്രാരംഭ നടപടികൾ ആരംഭിച്ചു. പുലിമുട്ട് നിർമാണവുമായി ബന്ധപ്പെട്ട നടപടികൾക്കാണ് തുടക്കമായത്. ഒരു മാസത്തിനിടെ 51 കപ്പലുകളാണ് വിഴിഞ്ഞം തുറമുഖത്ത് എത്തിയത്. എം എസ് സി യുടെ കൂറ്റൽ മദർ ഷിപ് ടർക്കി തിങ്കളാഴ്ചയോടെ തുറമുഖത്തെത്തും.