Share this Article
‘മഞ്ഞുമ്മൽ ബോയ്സ്’ നേരിട്ട പീഡനത്തിൽ തമിഴ്നാട് പൊലീസ് അന്വേഷണം; പരാതി നൽകിയത് മലയാളി; അന്വേഷണം അനാവശ്യമെന്നും പൊലീസിനെ കുറ്റം പറയാനാകില്ലെന്നും സംവിധായകൻ
വെബ് ടീം
posted on 09-05-2024
1 min read
why-he-gave-complaint-on-torture-faced-by-manjummel-boys-team

ചെന്നൈ: മഞ്ഞുമ്മൽ ബോയ്സ് തിയറ്ററിലും പിന്നീടിപ്പോൾ ഒടിടിയിലും വൻ വിജയമായി മാറിയതിനു പിന്നാലെ അന്ന് നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് പൊലീസ്. തമിഴ്നാട്ടിലെ കോൺഗ്രസ് പ്രവർത്തകനും മലയാളിയുമായ വി.ഷിജു ഏബ്രഹാമാണ് പരാതി നൽകിയത്.റെയിൽവേ കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗവും തമിഴ്നാട് കോൺഗ്രസ് നേതാവുമാണ് നിലമ്പൂർ സ്വദേശി വി.ഷിജു ഏബ്രഹാം.  ‘അവർ അനുഭവിച്ചതിന്റെ പത്തു ശതമാനം പോലും സിനിമയിൽ കാണിച്ചിട്ടില്ലെന്ന്’ സംവിധായകനും കൂട്ടരും പറഞ്ഞപ്പോൾ, ആ അനീതിക്കെതിരെ പ്രതികരിക്കണമെന്ന നിശ്ചയദാർഢ്യത്തിലാണ് പരാതി നൽകിയതെന്ന് ഷിജു ‘പറയുന്നു. ഷിജുവിന്റെ പരാതി  അന്വേഷിച്ച് നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവും നൽകി.

പൊലീസുകാർ ‘മഞ്ഞുമ്മൽ ടീമി’നോട് ക്ഷമ പറഞ്ഞുവെന്നാണ് അറിഞ്ഞത്. മുതിർന്ന ഉദ്യോഗസ്ഥരും ജനങ്ങളും സിനിമ കണ്ട് അവരുടെ പ്രവൃത്തി പുറത്തറിഞ്ഞതുകൊണ്ടാണ് അത്. തമിഴ്നാട്ടിലാണ് ഞാൻ സിനിമ കണ്ടത്. അവിടുത്തെ ആളുകൾ തന്നെ പൊലീസിന്റെ പ്രവൃത്തി കണ്ട് രൂക്ഷമായി പ്രതികരിച്ചിരുന്നു. 18 വർഷത്തിനു ശേഷം ആരെങ്കിലും ഇതൊക്കെ കുത്തിപ്പൊക്കുമെന്ന് ഭയമുണ്ടായാൽ ജനങ്ങൾക്കു നല്ല സേവനം ഉറപ്പാക്കാൻ പൊലീസുകാർ ശ്രമിക്കുമല്ലോ. ഇവരിൽ പലരും റിട്ടയർ ആയി. ചിലർ ഇപ്പോഴും സർവീസിലുണ്ട്. 

സിനിമ ഇറങ്ങിയതിനു പിന്നാലെ സംവിധായകൻ ചിദംബരത്തെയും സിജു ഡേവിഡ് ഉൾപ്പെടെയുള്ള യഥാർഥ ‘മഞ്ഞുമ്മൽ ബോയ്സ്’ അംഗങ്ങളെയും ബന്ധപ്പെട്ടിരുന്നു. അവർ അനുഭവിച്ചതിന്റെ പത്തു ശതമാനം പോലും സിനിമയിൽ കാണിച്ചിട്ടില്ലെന്ന് അന്നു തന്നെ പറഞ്ഞിരുന്നു. അവർക്ക് ആ സംഭവം സിനിമയാക്കുക എന്ന ഉദ്ദേശ്യം മാത്രമാണുണ്ടായിരുന്നത്. എന്നാൽ എന്റെ ലക്ഷ്യം അതല്ല. സിനിമ കണ്ടിറങ്ങി പൊടിയും തട്ടി പോകുകയല്ല, അത് സമൂഹത്തെ എങ്ങനെ ബാധിക്കുമെന്നാണ് ഞാൻ ചിന്തിച്ചത്. അതുകൊണ്ടാണ് പരാതി നൽകിയത്. അവർക്ക് പരാതിയുടെ പുറകേ പോകാൻ താൽപര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഞാൻ പരാതി കൊടുക്കുന്നതിൽ അവർക്ക് യാതൊരു പ്രശ്നവുമില്ല.’’– ഷിജു പറഞ്ഞു. 

‘കാവൽ’ എന്ന ഏറെ അർഥവത്തായ പേരുള്ള തമിഴ്നാട് പൊലീസ് സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്നതാണ് ഈ സംഭവം. ഇനിയൊരിക്കലും ഇത്തരത്തിൽ ആപത്തിൽ സഹായം അഭ്യർഥിക്കുന്നവരോട് മുൻവിധിയോടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളനുസരിച്ചും പൊലീസ് പെരുമാറരുത് എന്നും, കാവൽ എന്ന പേര് അന്വർഥമാക്കുന്ന സമീപനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.  

2006ൽ കേരളത്തിൽനിന്നു കൊടൈക്കനാൽ സന്ദർശിക്കാനെത്തിയ യുവാക്കളിലൊരാൾ ഗുണ കേവ്സിലെ ഗർത്തത്തിൽ വീണപ്പോഴാണ് കൂടെയുണ്ടായിരുന്നവർ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിൽ സഹായം തേടിയത്. എന്നാൽ, ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവർ ഇവരെ ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. ഒരു പൊലീസുകാരനെ മാത്രമാണ് ഇവർക്കു സഹായത്തിനായി വിട്ടുനൽകിയത്. സിജു ഡേവിഡ് എന്ന യുവാവാണ് 120 അടിയോളം ആഴമുള്ള ഗർത്തത്തിൽനിന്നു സുഹൃത്തിനെ സാഹസികമായി രക്ഷിച്ചത്. ഈ സംഭവത്തെ ആധാരമാക്കിയാണു സിനിമ.

എന്നാൽ 18 വർഷത്തിനു ശേഷം പ്രഖ്യാപിച്ച അന്വേഷണം അനാവശ്യമാണ് എന്നാണ് സംവിധായകൻ പറയുന്നത്. നിയന്ത്രണമുള്ള പ്രദേശത്തേക്ക് അവർ കടന്നു കയറിയതാണെന്നും പൂർണമായി പൊലീസിനെ കുറ്റം പറയാനാവില്ല എന്നുമാണ് ചിദംബരം പറഞ്ഞത്.ആ പ്രദേശത്തേക്ക് അവര്‍ കടന്നു കയറിയതാണ്. പൊലീസുകാരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. കൊലപാതകവും കൊലപാതക ശ്രമവും ആത്മഹത്യയുമെല്ലാം നടക്കുന്ന സ്ഥലമാണ് അത്. അതൊരു തെരഞ്ഞെടുപ്പ് സമയം കൂടിയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് പൊലീസുകാരെല്ലാം തിരക്കിലായിരുന്നു. പൂര്‍ണമായി പൊലീസിനെ കുറ്റംപറയാനാവില്ല.- ചിദംബരം പറഞ്ഞു.

പൊലീസുകാർക്കെതിരെ അന്വേഷണം വേണ്ടെ‌ന്നാണ് മ‍ഞ്ഞുമ്മൽ ടീമും പറയുന്നത്. അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഞങ്ങൾ ഇപ്പോൾ ലോകം അറിയപ്പെടുന്ന നിലയിലായി. ഏറെ സന്തോഷത്തിൽ നിൽക്കുന്ന സമയത്ത് അവർ വേദനിക്കണമെന്ന് ആ​ഗ്രഹിക്കുന്നത് ശരിയല്ലെന്നാണ് അവരുടെ നിലപാട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories