പേടിഎം പെയ്മെന്റ്സ് ബാങ്ക് ചെയര്‍മാന്‍ വിജയ് ശേഖര്‍ ശര്‍മ്മ രാജിവെച്ചു. തുടര്‍ച്ചയായ ചട്ടലംഘനം ചൂണ്ടിക്കാട്ടി റിസര്‍വ്വ് ബാങ്ക് പേടിഎം പേമെന്‍്‌സ് ബാങ്ക് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി.
പേടിഎം ബാങ്കിന്റെ സേവനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഈ മാസം ആദ്യം തന്നെ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. ബാങ്കിങ് നടപടിക്രമങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് നിയന്ത്രണം കൊണ്ടുവരാന്‍ ആര്‍ബിഐ തീരുമാനിച്ചത്.
ഇതിനെ തുടര്‍ന്ന് ഫെമ ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഇഡി പേടിഎമ്മിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് 15ഓടു കൂടി സേവനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കുമ്പോഴാണ് ബാങ്കിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിജയ് ശേഖര്‍ ശര്‍മ്മ രാജി വെച്ച് ഒഴിഞ്ഞിരിക്കുന്നത്.
ഇതോടെ ബാങ്ക് ഉടന്‍ പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ അവതരിപ്പിക്കാനുള്ള തത്രപ്പാടിലാണ്. പേടിഎം പെയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ് കമ്പനിയുടെ പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ചെയര്‍മാന്‍ ശ്രീനിവാസന്‍ ശ്രീധറിനെയും വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥരായ ദേബേന്ദ്രനാഥ് സാരംഗിയെയും രജനി ശേഖരി സിബലിനെയും ബാങ്ക് ഓഫ് ബറോഡയുടെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അശോക് കുമാര്‍ ഗാര്‍ഗിനെയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.