ക്രെഡിറ്റ് കാര്‍ഡ് വിതരണവും അതിന്റെ ഉപയോഗവും സംബന്ധിച്ച നിയമങ്ങളില്‍ റിസര്‍വ് ബാങ്ക് മാറ്റങ്ങള്‍ വരുത്തി. ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണത്തിലും ഉപയോഗത്തിലും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കുക എന്നതാണ് ആര്‍ബിഐയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
മറ്റ് നെറ്റ്വര്‍ക്കുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വിതരണ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിസയും മാസ്റ്റര്‍കാര്‍ഡും ഇന്ത്യയിലെ രണ്ട് പ്രധാന ക്രെഡിറ്റ് കാര്‍ഡ് നെറ്റ്വര്‍ക്കുകളാണ്.
കാര്‍ഡ് നെറ്റ്വര്‍ക്കുകളും കാര്‍ഡ് വിതരണക്കാരും തമ്മിലുള്ള ചില ഇടപാടുകള്‍ നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി. ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ബാങ്കുകളോ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിക്കാനുള്ള ഓപ്ഷന്‍ നല്‍കേണ്ടിവരും.
കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന സമയത്ത് ഉപഭോക്താക്കള്‍ക്ക് ഈ ഓപ്ഷന്‍ നല്‍കണം. കാര്‍ഡ് നെറ്റ്വര്‍ക്കുകളും കാര്‍ഡ് വിതരണക്കാരും തമ്മിലുള്ള ചില ക്രമീകരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഓപ്ഷന്‍ ലഭ്യമാക്കുന്നതിന് തടസമാകുന്നതായി റിസര്‍വ് ബാങ്ക് കണ്ടെത്തി.
കാര്‍ഡ് ഇഷ്യൂ ചെയ്യുന്നവര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് കാര്‍ഡുകള്‍ നല്‍കുമ്പോള്‍ ഒന്നിലധികം കാര്‍ഡ് നെറ്റ്വര്‍ക്കുകള്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കും . അടുത്ത പുതുക്കല്‍ സമയത്ത് നിലവിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഈ ഓപ്ഷന്‍ നല്‍കാം. ഇതിനായി അംഗീകൃത കാര്‍ഡ് നെറ്റ്വര്‍ക്കുകളുടെ പേരുകളും റിസര്‍വ് ബാങ്ക് പട്ടികപ്പെടുത്തിയിട്ടുണ്ട് . അമേരിക്കന്‍ എക്സ്പ്രസ് ബാങ്കിംഗ് കോര്‍പ്പറേഷന്‍ , ഡൈനേഴ്സ് ക്ലബ് ഇന്റര്‍നാഷണല്‍, മാസ്റ്റര്‍കാര്‍ഡ് ഏഷ്യ, എന്‍പിസിഐ റുപെ എന്നിവയാണ് പട്ടികയിലുള്ളത്.