പത്തനതിട്ട പീഡനക്കേസില്‍ ജില്ലയിലെ കൂടുതല്‍ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റിലായവരുടെ എണ്ണം 39 ആയി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
പെണ്‍കുട്ടി പറഞ്ഞ 64 പേരില്‍ 62 പേരെയും പോലീസ് തിരിച്ചറിഞ്ഞു. മൊഴിയില്‍ പറയുന്ന ചില ആളുകള്‍ ജില്ലക്ക് പുറത്താണെന്നാണ് ലഭിച്ച വിവരം. ജില്ലയ്ക്ക് പുറത്തും അന്വേഷണം നടത്തും. അറസ്റ്റിലായവരില്‍ 30 വയസിന് താഴെയുള്ളവരാണ് ഏറെയും. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പല സ്ഥാപനങ്ങളിലും പഠിക്കുന്നവര്‍, ഓട്ടോഡ്രൈവര്‍ എന്നിവരുമുണ്ട്.
ഇവരുടെ മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. പലരും മറ്റ് ക്രിമിനല്‍ കേസുകളിലും പ്രതികളാണ്. ഇന്നലെ അറസ്റ്റിലായവരില്‍ മൂന്ന് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വിദേശത്തുള്ളയാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു.