Share this Article
Union Budget
ഷിബില കൊലക്കേസ്; പ്രതി യാസിറിനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് നൽകും
Shibila Murder Case

കോഴിക്കോട് താമരശ്ശേരിയിലെ ഷിബിലയെ വെട്ടിക്കൊന്ന കേസിൽ പ്രതിയായ ഭർത്താവ് യാസിറിനായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും. താമരശ്ശേരി കോടതിയിലാണ് പൊലീസ് കസ്റ്റഡി അപേക്ഷ നൽകുന്നത്. ഭാര്യയെ വെട്ടിക്കൊല്ലാൻ യാസിർ രണ്ട് കത്തികൾ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി.


താമരശ്ശേരിയിൽ നാടിനെ നടുക്കിയ കൊലപാതകം നടത്തിയ കേസിലെ പ്രതി യാസിറിനെ മൂന്നു ദിവസത്തെ കസ്റ്റഡിയിലാണ് അന്വേഷണസംഘം ആവശ്യപ്പെടുക. ഇത് സംബന്ധിച്ച കസ്റ്റഡി അപേക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനായ താമരശ്ശേരി എസ്.എച്ച്.ഒ സായൂജ് കുമാർ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. അതിനിടെ ഭാര്യ ഷിബിലയെ വെട്ടിക്കൊല്ലാൻ പ്രതി യാസിർ ഉപയോഗിച്ച രണ്ട് കത്തികളും പൊലീസ് കണ്ടെത്തി. ഈ രണ്ടു കത്തികളും ഉപയോഗിച്ച് ഷിബിലയെ ആഞ്ഞു വെട്ടുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നുണ്ട്.

 പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചാൽ ഉടൻ വിശദമായ തെളിവെടുപ്പ് നടത്തും. പ്രതിക്കെതിരെ ജനരോഷം ഉയരാനുള്ള സാധ്യതയുള്ളതിനാൽ കനത്ത സുരക്ഷയൊരുക്കിയാണ് തെളിവെടുപ്പ് നടത്തുക. ലഹരിക്ക് അടിമയായിരുന്ന യാസിർ  സ്വബോധത്തിൽ നിൽക്കുമ്പോഴാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയതെങ്കിലും ഇയാളുടെ ലഹരി മാഫിയ ബന്ധം പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രണയിച്ച് വിവാഹം കഴിച്ച യാസിറും ഷിബിലയും അകലാനുള്ള പ്രധാനകാരണം യാസിറിന്റെ ലഹരി ഉപയോഗമായിരുന്നു. 

ലഹരി ഉപയോഗിച്ച് എത്തുന്ന യാസിർ ഷിബിലയെ നിരന്തരം ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നു. അതിന് പിന്നാലെ സ്വന്തം വീട്ടിലേക്ക് ഷിബില മടങ്ങിയതിന്റെ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. യാസിറിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്മാൻ, ഹസീന എന്നിവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article