ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിവസമായ ഇന്ന് അഞ്ച് മത്സര ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. കൂടാതെ കാതലും ഇറാനിയൻ ചിത്രം അക്കിലിസും ഉൾപ്പടെ 67 ചിത്രങ്ങളുടെ പ്രദർശനവും ഉണ്ടാകും.
രാജ്യാന്തര ചലച്ചിത്രമേള മൂന്നാം ദിനം പിന്നിടുമ്പോൾ വൈവിധ്യങ്ങളായ ചലച്ചിത്രങ്ങളുടെ നിരയും കൂടുകയാണ്. ഓസ്കാർ അവാർഡ്ജേതാവായ റുസ്യുകെ ഹാമാഗുച്ചിയുടെ ഈവിൾ ഡസ് നോട്ട് എക്സിസ്ററ,ഉസ്‌ബെക്കിസ്ഥാൻ നവാഗത സംവിധായകനായ ഷോക്കിർ ഖോലിക്കോവിന്റെ സൺഡേ,ഫർഹാദ്,ദെലാറാമിന്റെ ഇറാനിയൻ ചിത്രം അക്കിലിസ്, പ്രിസൺ തുടങ്ങിയവയാണ് മത്സരവിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുക.
മലയാളത്തിൽ നിന്ന് അഞ്ച് ചിത്രങ്ങളാണ് ഇന്ന് പ്രദർശനത്തിനെത്തുന്നത്. മാറേണ്ട സമൂഹത്തിലെ മാറുന്ന മനുഷ്യരുടെയും സ്നേഹബന്ധങ്ങളുടെയും കഥ പറയുന്ന ജിയോ ബേബിയുടെ കാതൽ, ആനന്ദ് ഏകർഷി ഒരുക്കിയ ആട്ടം,കെ ജി ജോർജിന്റെ യവനിക,എം ടി വാസുദേവൻ നായർ രചിച്ച് പി എൻ മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും, ശാലിനി ഉഷാദേവി ഒരുക്കിയ എന്നെന്നും തുടങ്ങിയവയും മൂന്നാം ദിനത്തിലെ ചലച്ചിത്രോത്സവത്തിന്റെ മാറ്റ് കൂട്ടും.