കൊല്ലം പരവൂരില്‍ വനിത എസ്‌ഐ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതിയുമായി യുവതി. വര്‍ക്കല എസ്‌ഐയുടെ ഭാര്യയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവായ വര്‍ക്കല എസ്‌ഐയും വനിതാ എസ് ഐയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് യുവതിയുടെ ആരോപണം. മര്‍ദ്ദനത്തിന് കൂട്ടുനിന്നതിനും സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനും ഭര്‍ത്താവായ വര്‍ക്കല എസ്‌ഐക്കും കുടുംബത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
2017 ലാണ് പരവൂര്‍ സ്വദേശിനിയും വര്‍ക്കല എസ് ഐ അഭിഷേകും തമ്മിലുള്ള വിവാഹം നടന്നത്. അഭിഷേകും സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ആശയും തമ്മിലുള്ള ഏറെ നാളത്തെ ബന്ധം ചോദ്യം ചെയ്തതാണ് മര്‍ദനകാരണമെന്ന് യുവതി ആരോപിക്കുന്നു. സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ മര്‍ദ്ദിച്ചുവെന്നും യുവതി കൊല്ലം കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
അഞ്ചു വര്‍ഷമായി ഭര്‍ത്താവും വനിത എസ് ഐയും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയിലുണ്ട്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് അഭിഷേക് വനിത, എസ് ഐ ആശ, അഭിഷേകിന്റെ അമ്മ, സഹോദരന്‍ എന്നിവരെ പ്രതിചേര്‍ത്ത് പരവൂര്‍ പോലീസ് കേസെടുത്തു. മര്‍ദ്ദനത്തിന് കൂട്ട് നിന്നതിനും സ്ത്രീധനം കൂടുതല്‍ ആവശ്യപ്പെട്ടതിനുമാണ് ഭര്‍ത്താവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. വീട്ടില്‍ വച്ച് വനിത എസ്‌ഐ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി പറയുന്നു.
പീഡന വിവരം കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്ന് ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്ന് കുടുംബം ആരോപിച്ചു. അതേസമയം പരാതി അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നുമാണ് വനിത എസ്‌ഐയുടെ വിശദീകരണം.