നവീകരിച്ച തൃശ്ശൂരിലെ ശക്തൻ തമ്പുരാൻ കൊട്ടാരം നാടിന് സമർപ്പിച്ചു.. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നവീകരണത്തിന്റെ ഭാഗമായി തീമാറ്റിക് സങ്കൽപ്പത്തിൽ 14 ഗ്യാലറികളാണ് മ്യൂസിയത്തിൽ ഒരുക്കിയിരിക്കുന്നത്.
18 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ കൊച്ചി രാജവംശത്തിന്റെ അധികാര കേന്ദ്രങ്ങളിലൊന്നായ തൃശ്ശൂർ വടക്കേ ബസ് സ്റ്റാൻഡിനടുത്തുള്ള വടക്കേച്ചിറ കോവിലകമാണ് ഇന്നത്തെ പുരാവസ്തു മ്യൂസിയം. വിവിധ കാലങ്ങളിലായി രാജവംശം ശേഖരിച്ച പുരാവസ്തുക്കൾ തൃശൂരിൽ തന്നെയുള്ള ചിത്രശാലയിലെ ആർട്ട് ഗ്യാലറിയിലാണ് സൂക്ഷിച്ചിരുന്നത്.
അവിടെ നിന്നും ചെമ്പൂക്കാവ് കൊല്ലങ്കോട് കോവിലകത്തേക്കും മാറ്റി. ഇവയെല്ലാം ശേഖരിച്ച് ഇന്നത്തെ മ്യൂസിയത്തിന് തുടക്കമിടുന്നത് 2005ലാണ് . ശക്തൻ തമ്പുരാൻ കൊട്ടാരം എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ മ്യൂസിയമാണ് ആധുനിക രീതിയിൽ നവീകരിച്ചത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച മ്യൂസിയം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. മന്ത്രി കടന്ന പള്ളി രാമചന്ദ്രൻ , പുരാവസ്തു ഡയറക്ടർ ഇ ദിനേശേ എന്നിവർ ചേർന്നാണ് നാടിന് സമർപ്പിച്ചത്.
പുരാവസ്തുക്കളെ കൂടാതെ 14 തീമാറ്റിക് ഗ്യാലറികളിലായി ആയിരത്തിലധികം അമൂല്യ വസ്തുക്കളും പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കരിങ്കൽ ശിൽപ്പങ്ങൾ , നാണയങ്ങൾ , ശിലാലിഖിതങ്ങൾ , ആഡംബര വസ്തുക്കൾ തുടങ്ങിയവയും മ്യൂസിയത്തിലുണ്ട്.
ഇടവേളക്ക് ശേഷം വീണ്ടും മ്യൂസിയം തുറന്നതോടെ ആദ്യ ദിനം തന്നെ നിരവധിയാളുകളാണ് സന്ദർശനത്തിനായി കൊട്ടാരത്തിലെത്തിയത്. ദിവസേന രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.