കൊച്ചി: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) രൂപം നൽകിയ കേരളവിഷൻ ഡിജിറ്റൽ ടിവി, കേരളവിഷൻ ബ്രോഡ്ബാന്റ് എന്നീ രണ്ടു സംരംഭങ്ങളും ഇന്ത്യയിൽ ഈ രംഗത്തെ ഏറ്റവും കൂടുതൽ വരിക്കാരുള്ള 10 കമ്പനികളുടെ പട്ടികയിൽ യഥാക്രമം അഞ്ചാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമായി ഇടം പിടിച്ചു. സംസ്ഥാനത്തെ ചെറുകിട കേബിൾ ടിവി സംരംഭകരുടെ കൂട്ടായ്മ ദേശീയ അംഗീകാരത്തോടെ കുതിപ്പ് തുടരുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ 10 ഫൈബര്‍ ടു ഹോം ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളുടെ പട്ടികയില്‍ കേരളവിഷന്‍ ബ്രോഡ്ബാന്‍ഡ് ഏഴാം സ്ഥാനത്തെത്തി. ട്രായിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഈ വിവരം.ട്രായ് പ്രസിദ്ധീകരിച്ച ടോപ് 10 ലിസ്റ്റിലെ മറ്റു ഒന്‍പത് സ്ഥാപനങ്ങളും രാജ്യവ്യാപകമായി സേവനം നല്‍കുന്ന കമ്പനികളാണ്. കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്ത് മാത്രം സേവനം നല്‍കി കൊണ്ടാണ് രാജ്യത്തെ 10 സേവന ദാതാക്കളുടെ പട്ടികയിലേക്ക് എത്താന്‍ കേരളവിഷന് സാധിച്ചത്. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഡിജിറ്റല്‍ കേബിള്‍ സര്‍വ്വീസ് പ്രൊവൈഡര്‍ എന്ന അംഗീകാരം ലക്ഷക്കണക്കിന് വീടുകളിലും ഓഫീസുകളിലും ഇൻഫോ എന്റർടൈൻമെന്റും ഇടതടവില്ലാതെ എത്തിച്ചുകൊണ്ടിരിക്കുന്ന കേരളവിഷന് കൂടുതൽ ഉത്തരവാദിത്വവും അംഗീകാരവുമാണ് നൽകുന്നത്
10 ലക്ഷത്തിലധികം വരിക്കാരുമായാണ് രാജ്യത്തെ ടോപ് 10 ബ്രോഡ്ബാന്റ് സേവന ദാതാക്കളുടെ പട്ടികയിൽ ഏഴാം സ്ഥാനത്ത് കേരളവിഷൻ ബ്രോഡ്ബാന്റ് സർവ്വീസും 35 ലക്ഷത്തോളം വരിക്കാരുള്ള കേരളവിഷൻ ഡിജിറ്റൽ കേബിൾ ടി വി അഞ്ചാം സ്ഥാനത്തും എത്തിയത്.
ഗ്രാമീണ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകുന്നവയുടെ വിഭാഗത്തിലും കേരളവിഷൻ വളരെ മുന്നിലാണ്. ഈ സംസ്ഥാനത്തു മാത്രം പ്രവർത്തിക്കുന്ന കേരളവിഷൻ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വൻകിട മൂലധന കമ്പനികളുടെ കടുത്ത മൽസരത്തെയും പ്രതികൂല ഘടകങ്ങളെയും അതിജീവിച്ചു കൊണ്ടാണ് പ്രശംസാർഹമായ നേട്ടങ്ങൾ കൈവരിച്ചതെന്ന് കേരള വിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രാദേശിക കേബിൾ ടി വി ഓപ്പറേറ്റർമാരുടെ ഓഹരി പങ്കാളിത്തത്തോടെ ഒരു സാധാരണ കേബിൾ ടി വി സംരംഭമായി 2008ൽ തുടക്കം കുറിച്ച കേരളവിഷൻ ക്രമേണ ബ്രോഡ്ബാന്റ്, ഐ.പി ടി വി ടെലിഫോൺ തുടങ്ങിയ സേവനങ്ങൾ കൂടി നൽകിക്കൊണ്ട് ട്രിപ്പിൾ പ്ലേ സർവ്വീസ് പ്രൊവൈഡർ ആയി വളർന്നു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകാൻ കഴിയുന്ന സുശക്തമായ പശ്ചാത്തല സൗകര്യങ്ങളും സാങ്കേതിക വൈദഗ്ധ്യവും ഇന്ന് കേരളവിഷനുണ്ട്.
ഉപഭോക്താക്കളുടെ എല്ലാവിധ ഐ ടി, ഡിജിറ്റൽ ആവശ്യങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ നിന്ന് നിറവേറ്റാനാവുന്ന ഒരു പോയിന്റ് ഓഫ് ആക്സസ് ആയി മാറുകയാണ് അടുത്ത ലക്ഷ്യമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലേക്ക് കൂടി പ്രർത്തനങ്ങൾ വ്യാപിപ്പിക്കും. സംസ്ഥാനത്തെ ചെറുകിട കേബിൾ ടി വി നെറ്റ് വർക്കുകൾ നേരിട്ടു കൊണ്ടിരുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിനു വേണ്ടി കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് കേരളവിഷൻ എന്ന സംരംഭക കൂട്ടായ്മക്ക് രൂപം നൽകിയത്.