ശ്രീഹരിക്കോട്ട: ഐ.എസ്.ആര്‍.ഒയുടെ സുപ്രധാന ദൗത്യമായ സ്പെയ്ഡെക്സ് വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് തിങ്കളാഴ്ച രാത്രി 10 മണിക്കാണ് സ്പെയ്ഡെക്സ് (SpaDeX - Space Docking Experiment) ദൗത്യവുമായി പി.എസ്.എല്‍.വി. 60 റോക്കറ്റ് വിക്ഷേപിച്ചത്. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക.
ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തുകയും ചെയ്യും (അണ്‍ഡോക്കിങ്). ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും.
ഇന്ത്യ ലക്ഷ്യമിടുന്ന സ്വന്തം ബഹിരാകാശ നിലയത്തിന്‍റെ ഡോക്കിങ്ങിന് മുന്നോടിയായുള്ള പരീക്ഷണ ഘട്ടമാണിത്. ചാന്ദ്രയാന്‍ 4, ഗഗയാന്‍ ദൗത്യങ്ങള്‍ക്കും ഇത് കരുത്താകും. 24 പേലോഡുകളും സ്പെഡെക്സിലുണ്ട്. മുംബൈ അമിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള അമിറ്റി പ്ലാന്‍റ് എക്സ്പിരിമെന്‍റല്‍ മൊഡ്യൂള്‍ ഇന്‍ സ്പേസ് പേ ലോഡില്‍ ചീര കോശങ്ങളെ ബഹിരാകാശത്ത് എത്തിക്കും.