Share this Article
Flipkart ads
സ്‌പെയ്‌ഡെക്‌സിൻ്റെ വിക്ഷേപണം വിജയം; ISRO
SpaDeX Mission

 ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒയുടെ സുപ്രധാന ദൗത്യമായ സ്‌പെയ്‌ഡെക്‌സിൻ്റെ വിക്ഷേപണം വിജയം. ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തി. ഉപഗ്രഹങ്ങളിൽ നിന്ന് സിഗ്നൽ ലഭിച്ചു തുടങ്ങിയെന്ന് ഐഎസ്ആർഓ അറിയിച്ചു. ജനുവരി ഏഴിന് ബഹിരാകാശത്ത് വച്ച് രണ്ട് ഉപഗ്രഹങ്ങളും കൂടിച്ചേരും.

220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍, ടാര്‍ഗറ്റ് ഉപഗ്രഹങ്ങളാണ് പ്രധാന പേ ലോഡുകള്‍. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണ് ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക.

ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. തുടക്കത്തില്‍ ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് ഉണ്ടാവുക.ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും. ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തുകയും ചെയ്യും. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും.

ആദ്യമായാണ് ഇന്ത്യ ബഹിരാകാശത്തുവെച്ച് ഡോക്കിങ് പരീക്ഷിക്കുന്നത്. അതിനാലാണ് സ്‌പെയ്‌ഡെക്‌സ് ദൗത്യം നിര്‍ണായകമാകുന്നത്. നിലവില്‍ യു.എസ്, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്പെയ്‌സ് ഡോക്കിങ് നടപ്പാക്കിയിട്ടുള്ളത്. പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഈ സാങ്കേതികവിദ്യയിലൂടെയാണ്.

ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാനിന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്പെയ്‌സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്നപേരില്‍ ഇന്ത്യ വിഭാവനംചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടാവും നിര്‍മിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories