നാട്ടുമത്സ്യ സമ്പത്തിന് കാവലായി ജീവകാരുണ്യ പ്രവർത്തകർ.തൃശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട് വറ്റി തുടങ്ങിയ ചെറു വെള്ളക്കെട്ടിലെ നൂറുകണക്കിന് നാടൻ മീനുകൾക്ക് സുരക്ഷ ഒരുക്കിയാണ് സുഹൃത്തുക്കൾ മാതൃകയായത്.
ജീവകാരുണ്യ പ്രവർത്തകനായ പാർളിക്കാട് സ്വദേശികളായ ഡോ: ഐശ്വര്യ സുരേഷ് , ജയൻ തേക്കിൻകാട്ടിൽ, എങ്കക്കാട് സ്വദേശി സുരേഷ് കൊടുവേലി എന്നിവരാണ് മീൻകൂട്ടത്തിന് സുരക്ഷ ഒരുക്കിയത്.
പ്രദേശത്ത് തരിശ് കിടക്കുന്ന പാടത്തിനരികിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് അതിവേഗം വറ്റിവരണ്ടു കൊണ്ടിരിക്കുന്ന ചെറിയ വെള്ളക്കെട്ടിൽ നൂറുകണക്കിന് മീൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പൂർണ്ണമായും വെള്ളം വറ്റിയേക്കാവുന്ന സ്ഥലം കൊറ്റികൾ ഉൾപ്പെടെയുള്ള മത്സ്യപ്രിയരായ പക്ഷികളുടെ ശ്രദ്ധയിൽ പെടാതിരുന്നതും ഇത്രയധികം മീനുകൾ ഇവിടെ തുടരുന്നതിന് കാരണമായി.
രണ്ടോ മൂന്നോ ബക്കറ്റ് വെള്ളം മാത്രം അവശേഷിക്കുന്ന വെള്ളക്കുണ്ടിൽ തിങ്ങി നിറഞ്ഞ പരൽ, ബ്രാൽ മീനുകളെയെല്ലാം ശ്രദ്ധാപൂർവ്വം പിടികൂടി പാർളിക്കാട് വെള്ളതിരുത്തി ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ നിക്ഷേപിച്ചാണ് മൂവർ സംഘം സഹജീവി സ്നേഹത്തിന്റെ മാതൃക തീർത്തത്.
നാട്ടു മത്സ്യ സമ്പത്തിൽ ഗണ്യമായ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മത്സ്യങ്ങൾക്ക് കരുതൽ ഒരുക്കിയ സംഭവം നാട്ടു മത്സ്യ സംരക്ഷണത്തിനും ഉദാത്ത മാതൃകയാണ്.