ബോളിവുഡ് താരറാണി കജോളിന് ഇന്ന് നാല്‍പത്തിയൊമ്പതാം പിറന്നാള്‍. 1992ല്‍ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് കജോള്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്.
അനശ്വരമായ സൗന്ദര്യം കൊണ്ടും ശ്രദ്ധേയമായ അഭിനയമികവ് കൊണ്ടും ബോളിവുഡില്‍ തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച താരറാണിയാണ് കജോള്‍. പകരം വെയ്ക്കാനാകാത്ത അഭിനയമികവ് കൊണ്ട് മൂന്ന് പതിറ്റാണ്ടുകളായി ഹിന്ദി ചിത്രങ്ങളില്‍ സജീവമായ താരത്തിന് പ്രേക്ഷക പ്രീതി നേടാന്‍ അധികസമയം വേണ്ടിവന്നില്ല. വെള്ളിത്തിരയിലെ പ്രിയപ്പെട്ടവളായി മാറിയ താരം ഇന്നേക്ക് ഒരു വയസ് കൂടി പിന്നിട്ടിരിക്കുകയാണ്. നാല്‍പത്തൊമ്പതാം വയസിലെത്തി നില്‍ക്കുന്ന കജോളിനെ ഇന്നും ആരാധകര്‍ ഓര്‍ത്തെടുക്കുന്നുണ്ടെങ്കില്‍ ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചതിനാലാണ്. ചലച്ചിത്രനിര്‍മാതാവായ ഷോമു മുഖര്‍ജിയുടെയും നടിയായ തനൂജയുടെയും മൂത്തമകളായി 1972 ഓഗസ്റ്റ് അഞ്ചിനാണ് കജോള്‍ ജനിച്ചത്.
2003ല്‍ പ്രശസ്ത ഹിന്ദി ചലച്ചിത്രനടനായ അജയ് ദേവ്ഗണിനെ കജോള്‍ വിവാഹം ചെയ്തു.1992ല്‍ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് കജോള്‍ അഭിനയരംഗത്തേക്ക് കടക്കുന്നത്. 2001ലെ ബോക്‌സോഫീസ് ചിത്രമായ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിന് ശേഷം ഒരു ഇടവേളയെടുത്ത കജോള്‍ അമീര്‍ഖാന്‍ നായകനായ 2006ല്‍ പുറത്തിറങ്ങിയ ഫന എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ട് വമ്പന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. കജോളിന്റെ സിനിമാജീവിതത്തില്‍ വഴിത്തിരിവായിരുന്ന പ്രധാന ചിത്രങ്ങളാണ് ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ,ഗുപ്ത് ദ ഹിഡന്‍ട്രൂത്ത്,കുഛ് കുഛ് ഹോതാ ഹെ,ദ ട്രയല്‍ എന്നിവ. ഒരു തലമുറയുടെ പ്രണയസ്വപ്‌നങ്ങള്‍ക്ക് തരംഗം തീര്‍ത്ത ജനപ്രിയ ചിത്രമായിരുന്നു ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ.എക്കാലത്തെയും മികച്ച പ്രണയജോഡികളായ ഷാരൂഖ്ഖാനും കജോളും രാജ് മല്‍ഹോത്രയായും സിമ്രാനുമായും തകര്‍ത്താടിയപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിച്ച ചിത്രമായി ഇത് മാറി.
1995 ഒക്ടോബര്‍ 20ന് പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് ആദിത്യ ചോപ്രയാണ്. മിന്‍സാരക്കനവെന്ന പ്രഭുദേവയുടെ തമിഴ് ചിത്രത്തിലും കജോളായിരുന്നു നായിക.ചിത്രത്തിലെ വെണ്ണിലവെ വെണ്ണിലവെ എന്ന ഗാനവും ആ സിനിമയും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം 2017ല്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രം വേലയില്ലാ പട്ടതാരി -ടുവില്‍ പ്രതിനായികാ വേഷത്തിലും കജോള്‍ തിളങ്ങിയിരുന്നു. 2005ല്‍ പ്രമുഖ പരിപാടിയായ കോന്‍ ബനേഗാ കരോട് പതിയില്‍ ഭര്‍ത്താവായ അജയ് ദേവ്ഗണിനൊപ്പം പങ്കെടുത്ത ഇവര്‍ക്ക് ഒരു കോടി രൂപ സമ്മാനമായി ലഭിച്ചു.ഈ പണം കജോള്‍ ചെന്നൈയിലെ ഒരു ക്യാന്‍സര്‍ ആശുപത്രിക്ക് സംഭാവനയായി നല്‍കിയിരുന്നു. നൈസയും യുഗുമാണ് കജോളിന്റെ മക്കള്‍. 2011ല്‍ രാജ്യം കജോളിനെ പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. ജന്മദിന നിറവിലുള്ള ബോളിവുഡിന്റെ താരറാണിക്ക് ആശംസകള്‍ നേരുകയാണ് നാടെങ്ങുമുള്ള സിനിമാപ്രേമികള്‍