Share this Article
Flipkart ads
ഈ വർഷമിറങ്ങിയ 204 സിനിമകളിൽ നേട്ടമുണ്ടാക്കിയത് വെറും 26 ചിത്രങ്ങൾ; 2024ൽ സിനിമാ വ്യവസായത്തിന് നഷ്ടം 700 കോടി; അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നും നിർമാതാക്കളുടെ സംഘടന
വെബ് ടീം
posted on 28-12-2024
18 min read
film

സാങ്കേതിക മേന്മയും നവീന കഥാരീതികളും ഉണ്ടായിട്ടും  2024ലും സിനിമാ വ്യവസായത്തിൽ നഷ്ടക്കണക്കുകൾ ആവർത്തിക്കുന്നതായി നിർമാതാക്കളുടെ സംഘടന.അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നും  ആവർത്തിച്ച് സംഘടന.ഏകദേശം 700 കോടിയോളം രൂപയുടെ നഷ്ടം ഈ വർഷവും ഉണ്ടായിട്ടെന്നാണ് കണക്കുകൾ. റീ മാസ്‌റ്റർ ചെയ്‌ത് ഇറക്കിയ 5 പഴയകാല ചലച്ചിത്രങ്ങൾ ഉൾപ്പടെ ഈ വർഷം തീയറ്ററിൽ പ്രദർശനത്തിനെത്തിയത് ആകെ 204 സിനിമകൾ. അതിൽ സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനം കാഴ്ച്ചവെച്ച് നിർമാതാക്കൾക്ക് നേട്ടമുണ്ടാക്കിയത് വെറും 26 ചിത്രങ്ങളാണ്. ബാക്കിയുള്ളവ തീയേറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോകുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.


24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്‌ത 'ദേവദൂതൻ' മാത്രമാണ് റീമാസ്റ്റർ ചെയ്തിറക്കിയ ചിത്രങ്ങളിൽ സാമാന്യം ഭേദപ്പെട്ട കളക്ഷൻ തീയേറ്ററുകളിൽ നിന്നും നേടിയത്. ഉദ്ദേശം ആയിരം കോടി രൂപ മുതൽ മുടക്കിൽ ഇറങ്ങിയ 199 മലയാള ചലച്ചിത്രങ്ങളിൽ നിന്ന് കേവലം 26 ചിത്രങ്ങളിൽ നിന്ന് മാത്രം 300-350 കോടി രൂപ ലാഭം ഉണ്ടായെങ്കിലും ബാക്കി ഉള്ള ചിത്രങ്ങളിൽ നിന്ന് 650 - 700 കോടി രൂപ വ്യവസായത്തിന് നഷ്ടം ഉണ്ടാകാൻ ഇടയായി. അതായത് 2024ലെ മലയാള സിനിമാ വ്യവസായത്തിന്റെ നഷ്ടം ഏകദേശം 700 കോടിയോളം.

തീയേറ്റർ വരുമാനത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങൾ അടഞ്ഞിരിക്കുന്ന സാഹചര്യത്തിൽ സിനിമയുടെ നിർമ്മാണ ചിലവ് സൂക്ഷ്മ‌മായി പരിശോധിച്ച് കുറവ് ചെയ്യേണ്ട സാഹചര്യമാണ് നിർമ്മാതാക്കളുടെ മുന്നിലുള്ളതെന്നും അഭിനേതാക്കളുടെ പ്രതിഫലയിനത്തിൽ ഗണ്ണ്യമായ വർദ്ധനവ് ഉണ്ടാകുന്നത് നിയന്ത്രിക്കാൻ നിർമ്മാതാക്കൾക്ക് സാധിക്കാതെ വരുന്നത് വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന പ്രതിസന്ധിയായും സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം മനസ്സിലാക്കി വേണ്ട രീതിയിൽ സഹകരിക്കാൻ അഭിനേതാക്കൾ തയ്യാറാവുന്നില്ലെന്നും ആരോപണം.

2023 നു ശേഷം 2024 ലും 200 ചിത്രങ്ങളോളം തീയേറ്റർ റിലീസ് ചെയ്യുന്ന സാഹചര്യം ഉണ്ടായെങ്കിലും കണക്കുകൾ പ്രകാരം നഷ്ടക്കണക്കുകൾ ആവർത്തിക്കുകയാണ്. എണ്ണത്തിലല്ല മറിച്ച് മികച്ച ഉള്ളടക്കവും അവതരണവുമുള്ള ചിത്രങ്ങളാണ് പ്രേക്ഷകർക്ക് താത്പര്യം എന്ന് തെളിയിക്കുന്ന ഒരു വർഷമായിരുന്നു 2024 എന്നും സംഘടന പറയുന്നു. തുടർന്ന് വരാനിരിക്കുന്ന വർഷത്തിൽ കൂടുതൽ സാമ്പത്തിക അച്ചടക്കവും, നേട്ടവും വ്യവസായത്തിന് ലാഭം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടാവണം. അതിനായി, ഈ വ്യവസായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ഏവരും പൂർണ്ണമായും നിർമ്മാതാക്കളോടു സഹകരിച്ച് മുൻപോട്ടു പോകണമെന്നും സംഘടന പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories