മലയാള സിനിമയുടെ എല്ലാ മേഖലകളിലും കൈയ്യൊപ്പു ചാര്‍ത്തിയ ബഹുമുഖ പ്രതിഭയായിരുന്നു പി.ജെ ആന്റണി. ചലച്ചിത്ര ആചാര്യനായ പി.ജെ വിട പറഞ്ഞിട്ട് നാലരപ്പതിറ്റാണ്ടാകുന്നു.
മലയാളസിനിമയ്ക്ക് ആദ്യമായി ഭരത് അവാര്‍ഡ് നേടിക്കൊടുത്ത മഹാനടന്‍, നാടകാചാര്യന്‍, ചെറുകഥാകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകാരന്‍, അഭിനേതാവ് എന്നിങ്ങനെ വിവിധ വേഷങ്ങളില്‍ ജീവിച്ച സവിശേഷ വ്യക്തിത്വമായിരുന്നു പി.ജെ ആന്റണി .
മലയാള നാടകവേദിയ്ക്ക് പുതിയ രൂപവും ഭാവവും ശൈലിയും നല്‍കുന്നതില്‍ പി.ജെ ആന്റണി വഹിച്ച പങ്ക് വളരെ വലുതാണ്. നാല്‍പതില്‍ പരം നാടകങ്ങളാണ് അദ്ദേഹം എഴുതിയത്. നാടകരചനയും സംവിധാനവുമായി നടക്കുന്നതിനിടയിലാണ് ഒട്ടും പ്രതീക്ഷിക്കാതെ 1957 ല്‍ തകഴിയുടെ 'രണ്ടിടങ്ങഴി' എന്ന സിനിമയില്‍ നായകനായി അഭിനയിക്കുവാനുള്ള അവസരം ലഭിക്കുന്നത്.
അതിനു ശേഷം നിണമണിഞ്ഞ കാല്‍പാടുകള്‍,കാവാലം ചുണ്ടന്‍, അസുരവിത്ത്, ഇരുട്ടിന്റെ ആത്മാവ്, ഭാര്‍ഗവി നിലയം, റോസി, പുന്നപ്ര വയലാര്‍, ഇന്ക്വിലാബിന്റെ മക്കള്‍, നദി,നിര്‍മ്മാല്യം തുടങ്ങി ഒത്തിരി സിനിമകള്‍ അദ്ദേഹത്തിന്റെ പേരില്‍ പുറത്തു വന്നു.
1973 ല്‍ നിര്‍മാല്യത്തിലെ വെളിച്ചപ്പാടായി നടത്തിയ പകര്‍ന്നാട്ടത്തിലൂടെ രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന് അര്‍ഹനായി.നൂറ്റിപ്പതിനഞ്ചോളം നാടകങ്ങള്‍, എഴ് നോവലുകള്‍, കവിതാ സമാഹാരം, ലേഖന സമാഹാരം, ഗാന സമാഹാരം മുതലായവ രചിച്ചു.
ഭാര്‍ഗവി നിലയത്തിലെ എം എന്‍, തച്ചോളി ഒതേനനിലെ കതിരൂര്‍ ഗുരുക്കള്‍, നഗരമേ നന്ദിയിലെ കാര്‍ ഡ്രൈവര്‍, മുറപ്പെണ്ണിലെ അമ്മാവന്‍, നദിയിലെ വര്‍ക്കി എന്നിങ്ങനെ എണ്ണം പറഞ്ഞ കഥാപാത്രങ്ങളെ അദ്ദേഹം അഭ്രപാളിയില്‍ അനശ്വരമാക്കി.മണ്ണിന്റെ മാറില്‍' എന്ന ചിത്രത്തിന്റെ ഡബ്ബിങ്ങിനിടെയാണ് അദ്ദേഹം ചോര ഛര്‍ദ്ദിച്ച് വീഴുന്നത്. അടങ്ങാത്ത അഭിനിവേശത്തോടെ സിനിമയെ ജീവിതമാക്കിയ ആ പ്രതിഭയുടെ അന്ത്യത്തോടെ മലയാള സിനിമയിലെ ഒരു യുഗത്തിനു കൂടി അന്ത്യമായി.