മഹാഭാരതത്തിലെ പാഞ്ചാലിയുടെ പേരിലറിയപ്പെടുന്ന സ്ഥലമാണ് ഇടുക്കിയിലെ പാഞ്ചാലിമേട്. വനവാസകാലത്ത് പാണ്ഡവർ തങ്ങളുടെ ഭാര്യയായ പാഞ്ചാലിക്കൊപ്പം നാളുകളോളം ഇവിടെ താമസിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ഇന്ന് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ് ഈ പ്രദേശം.
വനവാസ കാലത്ത് പാണ്ഡവരും പാഞ്ചാലിയും ഒളിവിൽ താമസിച്ചു എന്നവിശ്വസിക്കപ്പെടുന്ന സ്ഥലമാണ് പാഞ്ചാലിമേട്. പാഞ്ചാലിക്കുളം, ആനക്കല്ല്, ഗുഹ, അടുപ്പുകല്ലുകൾ എന്നിങ്ങനെ ഐതീഹ്യത്തിന് ബലമേകുന്ന നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്.
ഇവ ഓരോന്നിനും ഓരോ കഥകളും സ്വന്തമായുണ്ട്. പാണ്ഡവരും പാഞ്ചാലിയും വസിച്ചിരുന്നു എന്ന വാദത്തിനു ബലമേകുന്ന കാഴ്ചകളും വിശ്വാസങ്ങളും പാഞ്ചാലിമേട്ടിൽ ഒരുപാടുണ്ട്.
പാണ്ഡവർ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച കല്ലുകൾ, പാഞ്ചാലിക്ക് കുളിക്കുവാനായി ഭീമൻ നിർമ്മിച്ച പാഞ്ചാലിക്കുളം, അവർ താമസിച്ചിരുന്നുവെന്ന് കരുതുന്ന പാണ്ഡവഗുഹ, ഇവിടെയുള്ള ഭീമന്റെ കാൽപ്പാടുകൾ, തന്നെ ഉപദ്രവിക്കുവാനായി ഓടിയെത്തിയ ഒരാനയെ പാഞ്ചാലി ശപിച്ച് കല്ലാക്കി മാറ്റിയ ആനക്കല്ല് എന്നിവ ഇതിനുദാഹരണങ്ങളാണ്.
സമുദ്രനിരപ്പില്‍നിന്ന് 2500 അടിയോളം ഉയരത്തിലുള്ള പാഞ്ചാലിമേടിന്റെ വശ്യചാരുത സഞ്ചാരികളുടെ ലഹരിയാണ്. മലനിരകളും കോടയും ചേർന്ന ദൃശ്യവിരുന്നാണ് അതിൽ മുഖ്യം. മലനിരകളെ തൊട്ടുതലോടി വിരുന്നെത്തുന്ന കോടമഞ്ഞും മഞ്ഞുമൂടിയ മലനിരകളും ആരെയും അതിശയിപ്പിക്കും. എത്ര നേരം ചിലവഴിച്ചാലും ഒട്ടും മടുക്കില്ലാത്ത കാഴ്ചകളാണ് ഇവിടെയുള്ളത്.