കൊച്ചി: എറണാകുളത്തു നിന്ന് കുട്ടിക്കാനം വരെയുള്ള യാത്ര ഒരു പുതിയ ലോകത്തേക്കുള്ള ഒരു യാത്രയാണ്. തിരക്കേറിയ നഗരജീവിതത്തിൽ നിന്ന് ശാന്തമായ മലനിരകളിലേക്കുള്ള ഒരു മാറ്റം. ഈ യാത്രയിൽ നമുക്ക് കേരളത്തിന്റെ മനോഹരമായ പ്രകൃതി ദൃശ്യങ്ങൾ കാണാൻ കഴിയും.
എറണാകുളത്തിന്റെ തിരക്കേറിയ തെരുവുകളിലൂടെയാണ് നമ്മുടെ യാത്ര ആരംഭിക്കുന്നത്. വാഹനങ്ങളുടെ ശബ്ദം, വ്യാപാരികളുടെ ചിരി, വിപണികളിലെ നിറങ്ങൾ എന്നിവയെല്ലാം ചേർന്ന് ഒരു തിരക്കേറിയ അന്തരീക്ഷം സൃഷ്ടിക്കുന്നു. എന്നാൽ നാം മുന്നോട്ടു പോകുന്തോറും നഗരത്തിന്റെ ശബ്ദം മാറി, പ്രകൃതിയുടെ ശാന്തമായ ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങും.എറണാകുളത്ത് നിന്ന് കുട്ടിക്കാനം വരെ ഏകദേശം 3,4 മണിക്കൂർ മാത്രമാണ് യാത്ര.
കുട്ടിക്കാനം പോകുവാൻ രണ്ട് വഴികളാണുള്ളത്. ഒന്ന് മൂവാറ്റുപുഴ വഴി തൊടുപുഴ അവിടെ നിന്ന് പുള്ളിക്കാനം വഴി പോകുമ്പോൾ ഒരുപാട് നല്ല കാഴ്ചകൾ കാണാൻ സാധിക്കും. അത് കഴിഞ്ഞ് വാഗമണ്ണിൽ ചെന്ന് അഡ്വഞ്ചർ പാർക്കിൽ നിരവധി ഗെയിംസും ഗ്ലാസ്സ് ബ്രിഡ്ജും പിന്നെ തേയില തോട്ടങ്ങളും കണ്ട് ഏലപ്പാറ വഴി കേറി കുട്ടിക്കാനം എത്താം. മഴക്കാലത്ത് പോകുമ്പോൾ ആണ് ഈ വഴി ഏറ്റവും മനോഹരം. പിന്നെ രണ്ടാമത്തെ വഴി പാലാ വഴി പൊൻകുന്നം പോയി അവിടെ നിന്ന് മുണ്ടക്കയം വഴി പെരുവന്താനം ചെന്ന് അവിടെ വളഞങ്ങാനം വെള്ളച്ചാട്ടവും ആസ്വദിച്ചു അവിടെ നിന്ന് ചായയും പലഹാരങ്ങളും കഴിച്ചു യാത്ര തുടരുമ്പോൾ പാഞ്ചാലിമെടും പരുന്തുംപാറയും കാണാനും അവിടെത്തെ മഞ്ഞും പ്രകൃതി ഭംഗിയും അസ്വദിച്ചു ആ വഴി കുട്ടിക്കാനം ഏത്താനും സാധിക്കും. ലൂസിഫർ, കാണാ കണ്മണി,കാർബൺ എന്നിങ്ങനെ നിരവധി സിനിമകൾക്ക് ലൊക്കേഷൻ ആയ അമ്മച്ചി കൊട്ടാരം കുട്ടിക്കാനം ചെല്ലുമ്പോൾ കാണാൻ സാധിക്കും. പോകുന്ന വഴികളിൽ നിരവധി ഫുഡ് സ്പോട്ടുകളും ലഭിക്കും. ഡിസംബർ മാസം കുട്ടിക്കാനം പോകുമ്പോൾ ഒരു പ്രത്യേക തണുപ്പും അനുഭവപ്പെടും. തിരക്കേറിയ നഗരത്തിൽ നിന്ന് മനസിനെ ശാന്തമാക്കാൻ ഈ യാത്ര ഉപയോഗപ്പെടും. വാഗമണ്ണ് , പെരുവന്താനം, പരുന്തുംപാറ, കുട്ടിക്കാനം എന്നിവിടങ്ങളിൽ റിസോർട്ടുകളും, ഹോം സ്റ്റേയും ഒക്കെ ലഭ്യമാണ്.
കുട്ടിക്കാനത്തേക്കുള്ള യാത്ര ഒരു ശാരീരികമായ സ്ഥലമാറ്റം മാത്രമല്ല, ഒരു ആത്മീയമായ പുനരുജ്ജീവനം കൂടിയാണ്. ചെറിയ വഴികളും എല്ലാം പ്രകൃതിയുമായി നമ്മളെ കൂടുതൽ അടുപ്പിക്കാൻ സഹായിക്കുന്നു. നഗരജീവിതത്തിൽ നിന്ന് പ്രകൃതിയും ആയി സമ്പർക്കം പുലർത്താൻ ഈ യാത്ര ഉത്തമമാണ്.