അപകട രക്ഷാപ്രതിരോധ പ്രവർത്തനങ്ങളെ ജനകീയമാക്കുന്നതിനായി അഗ്നിരക്ഷാ വകുപ്പിന് കീഴിലുള്ള സിവിൽ ഡിഫൻസ് ഫോഴ്‌സിൽ കൂടുതൽ പേരെ അംഗങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തൃശ്ശൂരിലെ കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമിയിൽ പരിശീലനം പൂർത്തീകരിച്ച ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷം സംസ്കാരം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി..
ദുരന്തമേഖലകളിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പ്രവർത്തനം മാതൃകാപരമാണ്. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 6,200 പേർ വിജയകരമായി പരിശീലനം പൂർത്തിയാക്കി സേവന സജ്ജരാക്കി.
ഇവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 1,000 പേർക്ക് പ്രൊഫഷണൽ പരിശീലനം നൽകുന്നത് ആലോചനയിലാണ്. രണ്ടാംഘട്ടമായി തിരഞ്ഞെടുത്ത 3,300 പേർക്ക് പ്രത്യേക പരിശീലനവും നൽകിവരുന്നു.
ഇവ പൂർത്തിയാകുന്നതോടെ അഗ്നിരക്ഷാ സേനയ്ക്ക് കൂടുതൽ സഹായം നൽകാൻ കഴിയുന്ന 10,000 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുകയാണ് ലക്ഷ്യം.
പൊതുസമൂഹത്തിന്റെ രക്ഷാസേന എന്ന ഉത്തരവാദിത്വ ബോധ്യത്തോടെയാകണം സേനാംഗങ്ങൾ തങ്ങളുടെ അറിവുകൾ പ്രയോഗിക്കേണ്ടത്.
കേവലം തീ അണയ്ക്കുന്ന സേന എന്ന വിശേഷണത്തിൽ നിന്നും ഏത് ദുരന്തഘട്ടത്തിലും സഹായം എത്തിക്കുന്ന സേനയായി അഗ്നിരക്ഷാ വകുപ്പ് മാറി.
പ്രളയം, ഉരുൾപൊട്ടൽ മാത്രമല്ല പകർച്ചവ്യാധി നിയന്ത്രണ ഘട്ടത്തിലും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു..
295 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ, 20 ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) മാർ ഉൾപ്പെടെ 315 പരിശീലനാർത്ഥികളുടെ സംയുക്ത പാസിങ് ഔട്ട് പരേഡ് ആണ് നടന്നത്.
കേരളാ ഫയർ & റെസ്ക്യൂ സർവീസസ് ഡയറക്ടർ ജനറൽ കെ പത്മകമാർ, ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ്, ഡയറക്ടർ അഡ്മിനിസ്ട്രേഷൻ അരുൺ അൽഫോൺസ്, അക്കാദമി ഡയറക്ടർ എം ജി രാജേഷ് തുടങ്ങിയവർ സന്നിഹിതരായി.
അക്കാദമി അസിസ്റ്റൻ്റ് ഡയറക്ടർ റെനി ലൂക്കോസ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. പരേഡ് കമാൻഡർ ടി. എസ് അജിലേഷാണ് പാസ്സിങ് ഔട്ട് പരേഡ് നയിച്ചത്.