ആഗോള ജലസ്രോതസ്സുകളുടെ അവസ്ഥയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍. 2023ല്‍ ലോകമെമ്പാടുമുള്ള നദികളുടെ ഒഴുക്ക് വലിയരീതിയില്‍ താഴ്‌നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നദീതടങ്ങളില്‍ നീണ്ടുനില്‍ക്കുന്ന വരള്‍ച്ചയുടെ ഗുരുതരമായ ആഘാതത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ലോകത്തെ തന്നെ ഏറ്റവും വലിയ നദികളായ ആമസോണിലും മിസിസിപ്പിയിലും കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് റെക്കോര്‍ഡ് രീതിയിലാണ് ജലനിരപ്പ് താഴ്ന്നത്.
ഗംഗ, മൊകോംഗ് തദീതടങ്ങളിലും വലിയ രീതിയില്‍ തന്നെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ലോകത്തിലെ പകുതി വൃഷ്ടിപ്രദേശങ്ങളും അസാധാരണമായ മാറ്റമാണുണ്ടായത്. ഭൂരിഭാഗം നദികളിലും ജലനിരപ്പ് കുറഞ്ഞു. ഈ സാഹചര്യം കൃഷിക്കും വ്യവസായത്തിനും ജലലഭ്യത കുറച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഞ്ഞുമലകള്‍ക്ക് വലിയ രീതിയില്‍ ഭാരം നഷ്ടപ്പെട്ടിട്ടുണ്ട്. വര്‍ഷത്തില്‍ 600 ജിഗാ ടണ്‍ ജലമാണ് നഷ്ടപ്പെട്ടത്. യൂറോപ്പിലെയും സ്‌കാന്‍ഡിനേവിയയിലെയും ഹിമാനികള്‍ നിറഞ്ഞ നദികളില്‍ താല്‍ക്കാലികമായി നദികള്‍ നിറഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും മഞ്ഞുമലകളുടെ വലിപ്പം കുറയുന്നത് തുടരുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ അളവ് ഗണ്യമായി കുറയുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.