Share this Article
ഇത്രയും കുറഞ്ഞ വിലയ്ക്ക് 7-സീറ്റർ കാറുകളോ?
വെബ് ടീം
posted on 17-12-2024
2 min read
Top 4 most affordable 7-seater vehicles Keralavision News Malayalam

എല്ലാരുമൊന്നിച്ച് ഒരു കല്യാണത്തിന്  വൈബടിച്ച് പോണമെങ്കിൽ വലിയ കാർ ഉണ്ടെങ്കിലേ നടക്കൂ. എഴ് പേർക്ക് ഒരുമിച്ച് പോവാൻ ഇന്നോവ പോലുള്ള കാറാണ് നല്ലതെങ്കിലും വീട്ടിലൊന്ന് വാങ്ങിയിടാൻ പോക്കറ്റിന് നല്ല കനം വേണം. അല്ലെങ്കിൽ കല്യാണത്തിനും ട്രിപ്പിനുമൊക്കെ പോണമെങ്കിൽ ടാക്‌സി വിളിക്കേണ്ട അവസ്ഥയാണ്. ഇങ്ങനെ പോവാമെന്ന് വിചാരിച്ചാലും എല്ലായിപ്പോഴും സാധിക്കണമെന്നില്ല. ഹാച്ച്ബാക്കിൽ നിന്നും നല്ലൊരു 7-സീറ്ററിലേക്ക് മാറണെന്ന് ആഗ്രഹിക്കുന്നവർ നമുക്കിടയിൽ ഏറെയുണ്ടെങ്കിലും ഇതിന് നല്ല പണം ചെലവാക്കേണ്ടി വരുമല്ലോ എന്നോർത്താണ് പലരും മടിച്ചു നിൽക്കുന്നത്.  പക്ഷേ ഹാച്ച്ബാക്കിന്റെ വിലയ്ക്ക് വരെ ഇന്ന് 7 സീറ്റർ വാഹനങ്ങൾ ഇന്ത്യയിൽ വാങ്ങാനാവുമെന്ന് പലർക്കുമറിയില്ല. ഇന്നോവയിലെ യാത്രാ സുഖമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും 7 പേരടങ്ങുന്ന കുടുംബങ്ങളെ ചെറിയ വിലയിൽ തൃപ്ത്തിപ്പെടുത്താനാവുന്ന ചില കാറുകളെ പരിചയപ്പെടുത്താം. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ചില 7 സീറ്റർ വാഹനങ്ങൾ ഇതാ…

റെനോ ട്രൈബർ


ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7-സീറ്റർ കാറാണ് ട്രൈബർ. 6 ലക്ഷം മുതൽ 8.98 ലക്ഷം രൂപ വരെയാണ് റെനോയുടെ എംപിവിക്ക് മുടക്കേണ്ടി വരുന്ന വിലയെങ്കിലും മാന്യമായ ഫീച്ചറുകളാൽ വണ്ടി സമ്പന്നമാണ്. 999 സിസി നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായാണ് ട്രൈബർ വരുന്നതെങ്കിലും 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി ഗിയർബോക്‌സിൽ വാഹനം വാങ്ങാനാവും. ഇതിന് 625 ലിറ്റർ ബൂട്ട് സ്പേസും റെനോ ഒരുക്കിയിട്ടുണ്ട്. 7 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ഫോൺ ചാർജർ, ഡ്രൈവർ സീറ്റിൽ ഒരു ആംറെസ്റ്റ് എന്നിവ പോലുള്ള ഫീച്ചറുകളും റെനോയുടെ മിടുക്കനിലുണ്ട്. 4 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എബിഎസ്, ഇബിഡി, ഇഎസ്പി എന്നിവയും ട്രൈബറിന്റെ ഭാഗമാണ്.

മാരുതി സുസുക്കി എർട്ടിഗ

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 7-സീറ്റർ വാഹനമാണ് എർട്ടിഗ. 1.5 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളിൽ വരുന്ന എംപിവി 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറുമായി ജോടിയാക്കി വാങ്ങാം. 8.69 ലക്ഷം മുതൽ 13.03 ലക്ഷം വരെയാണ് മാരുതി സുസുക്കിയുടെ എംപിവിക്ക് വരുന്ന എക്സ്ഷോറൂം വില. സിഎൻജിയാണ് നോക്കുന്നതെങ്കിൽ മാനുവൽ ട്രാൻസ്മിഷനിലാണ് വാങ്ങാനാവുക. 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ആർക്കമീസ് സൗണ്ട് സിസ്റ്റം, 6 സ്പീക്കർ മ്യൂസിക് സിസ്റ്റം, യുഎസ്ബി ചാർജർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പോലുള്ള ഫീച്ചറുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. നാല് എയർബാഗുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നിവ പോലുള്ള സുരക്ഷാ സന്നാഹങ്ങളും എർട്ടിഗയിലുണ്ട്.

മഹീന്ദ്ര ബൊലേറോ നിയോ

ചെറിയ ബജറ്റിൽ ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി പണികഴിപ്പിച്ചിരിക്കുന്ന ഏക മോഡലാണ് ഈ കുട്ടി ബൊലേറോ. മൂന്നാം നിരയിൽ ബെഞ്ച് സീറ്റുകളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും കുട്ടികൾക്ക് അനുയോജ്യമാണിവിടം. അല്ലെങ്കിൽ അസലായി ലഗേജ് കയറ്റാനും ഉപയോഗിക്കാം. 1.5 ഡീസൽ എഞ്ചിനോടൊപ്പം വരുന്ന നിയോയ്ക്ക് 9.95 ലക്ഷം മുതൽ 12.15 ലക്ഷം വരയൊണ് എക്സ്ഷോറൂം വില വരുന്നത്. 5-സ്പീഡ് മാനുവൽ ഗിയർബോക്സിൽ മാത്രമേ ഇത് ലഭ്യമാകൂവെന്ന് മാത്രം. 3.5 ഇഞ്ച് എൽസിഡിയുള്ള ട്വിൻ-പോഡ് അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സ്പീക്കർ മ്യൂസിക് സിസ്റ്റമുള്ള 7 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ്, ഡ്യുവൽ എയർബാഗുകൾ, ഇക്കോ ഡ്രൈവ് മോഡ്, ക്രൂയിസ് കൺട്രോൾ, മുന്നിലും രണ്ടാം നിരയിലും ആംറെസ്റ്റ്, ഇബിഡിയുള്ള എബിഎസ്, കോർണർ ബ്രേക്കിംഗ് കൺട്രോൾ, റിവേഴ്സ് പാർക്കിംഗ് അസിസ്റ്റ് തുടങ്ങിയ അധിക സുരക്ഷാ ഫീച്ചറുകളും മഹീന്ദ്ര ബൊലേറോ നിയോയിലുണ്ട്.

കിയ കാരെൻസ്

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഒന്നാന്തരം ഫാമിലി കാറാണ് കാരെൻസ്. മൂന്ന് വരിയിലും നല്ല സ്പേസുള്ള എംപിവി 1.5 ലിറ്റർ പെട്രോൾ NA, 1.5 ലിറ്റർ പെട്രോൾ ടർബോ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വിപണിയിലെത്തുന്നത്. അത്യാവിശ്യം ബജറ്റ് വിലയിൽ കിടിലൻ 7-സീറ്റർ വാങ്ങാനിരിക്കുന്നവർക്ക് കണ്ണുംപൂട്ടി വാങ്ങിക്കാം ഇവനെ. 10.52 ലക്ഷം മുതൽ 19.94 ലക്ഷം രൂപ വരെയാണ് കാരെൻസിന് വരുന്ന എക്സ്ഷോറൂം വില. ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ, സിംഗിൾ-പാനൽ സൺറൂഫ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 2-ഉം 3-ഉം വരികൾക്ക് വൺ-ടച്ച് ഫോൾഡബിൾ സീറ്റുകൾ, രണ്ടാംനിരയിലും എയർ കണ്ടീഷനിംഗ് വെൻ്റുകൾ തുടങ്ങിയ സവിശേഷതകളാൽ സമ്പന്നമാണ് കാരെൻസ് 6, 7 സീറ്റർ ഓപ്ഷനിലും വാങ്ങിക്കാം. 6 എയർബാഗുകൾ, TPMS, ഡ്യുവൽ ഡാഷ്‌ക്യാം, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, എല്ലാ ഡിസ്‌ക് ബ്രേക്കുകൾ എന്നി ജാങ്കോ ഫീച്ചറുകളെല്ലാം വണ്ടിയിലുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories