ന്യൂഡല്‍ഹി: കാർ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ വാങ്ങുന്നതാണ് സാമ്പത്തികപരമായി സൗകര്യം.ക്രിസ്മസിന് വീട്ടിൽ ഒരു വണ്ടി എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒട്ടും സമയം കളയേണ്ട. കാശ് ലാഭിച്ചാൽ അതിന് കൂടുതൽ പെട്രോൾ അടിച്ച് കറങ്ങാം. പ്രീമിയം ബ്രാൻഡുകളെല്ലാം ജനുവരി മാസം മുതൽ വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുവർഷത്തിൽ കാറുകൾക്ക് കാൽ ലക്ഷം രൂപ വരെ വില കൂടും. കാറുകളുടെ വില കൂട്ടിയത് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും ഹ്യുണ്ടായ് മോട്ടോറും. ജനുവരി ഒന്നുമുതല്‍ കാറുകളുടെ വിലയില്‍ നാലുശതമാനം വരെ വര്‍ധന വരുത്തുമെന്നാണ് മാരുതി സുസുക്കിയുടെ പ്രഖ്യാപനം. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു.
വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും കണക്കിലെടുത്ത് 2025 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വില വര്‍ധന 4% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മോഡലുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും. ഉപഭോക്താക്കളിന്മേലുള്ള ആഘാതം കുറയ്ക്കാനാണ് പരമാവധി ശ്രമിക്കുന്നത്. എന്നാല്‍ വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറാതെ വേറെ വഴിയില്ല'- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ജനുവരി ഒന്നുമുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മാരുതിയുടെ നടപടി. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചത് തന്നെയാണ് വില വര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായ് മോട്ടോറിനെയും പ്രേരിപ്പിച്ചത്. ജനുവരി 1 മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് അറിയിച്ചു. 25,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.