ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ട ഒരു പേരാണ് ഹൗറ-കൽക്ക മെയിലിന്റേത്. എന്നാൽ ഇപ്പോൾ ഈ ട്രെയിൻ അറിയപ്പെടുന്നത് "നേതാജി എക്സ്പ്രസ്" എന്ന പേരിലാണ്. ഈ ചരിത്രപരമായ ട്രെയിൻ സർവീസ് 158 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഒരു നൂറ്റാണ്ടിൽ അധികം കാലം ഇന്ത്യൻ റെയിൽവേയുടെ ഭാഗമായി നിലകൊള്ളുന്ന ഈ ട്രെയിൻ, രാജ്യത്തിൻ്റെ പഴയകാല പ്രൗഡിയുടെയും, യാത്രാനുഭവങ്ങളുടെയും, സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും ഒക്കെ ഒരു ജീവനുള്ള അടയാളം കൂടിയാണ്.
ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച ഈ ട്രെയിൻ, ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന യാത്രാ ട്രെയിനുകളിൽ ഒന്നാണ്. അന്നത്തെ വൈസ്രോയിയുടെ വേനൽക്കാല വസതിയായിരുന്ന ഷിംലയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ വേണ്ടി തുടങ്ങിയ ട്രെയിനാണിത്. ഈസ്റ്റ് ഇന്ത്യൻ റെയിൽവേ മെയിൽ എന്നായിരുന്നു ആദ്യകാലങ്ങളിൽ ഈ ട്രെയിൻ അറിയപ്പെട്ടിരുന്നത്. 1866 ജനുവരി 1-നാണ് ഈ ട്രെയിൻ ആദ്യമായി കൂകിപ്പാഞ്ഞത്. അന്ന് കൽക്കയിലേക്ക് പോകാൻ ഏകദേശം 34 മണിക്കൂറിലധികം സമയം എടുത്തിരുന്നു.
എന്നാൽ ഈ ട്രെയിനിന്റെ ചരിത്രത്തിന് ഒരു വഴിത്തിരിവുണ്ടായത് 2021 ലാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകൻ നേതാജി സുഭാഷ് ചന്ദ്രബോസിനോടുള്ള ആദരസൂചകമായി ഈ ട്രെയിനിന്റെ പേര് "നേതാജി എക്സ്പ്രസ്" എന്ന് പുനർനാമകരണം ചെയ്തു. നേതാജിയുടെ ജീവിതവുമായി ഈ ട്രെയിനിന് ഒരു പ്രത്യേക ബന്ധമുണ്ട്. 1941 ൽ ബ്രിട്ടീഷ് ഭരണകൂടത്തെ കബളിപ്പിച്ച് നേതാജി നാടുവിട്ടത് ഈ ട്രെയിനിലായിരുന്നെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ പേര് മാറ്റം ചരിത്രപരമായ ഒരു നീക്കം കൂടിയായി.
ഹൗറയിൽ നിന്ന് കൽക്കയിലേക്ക് നീളുന്ന ഈ യാത്ര പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഓരോ സ്റ്റേഷനുകളിലും ഈ ട്രെയിൻ എത്തുമ്പോൾ ചരിത്രത്തിന്റെ ഓരോ ഏടുകളാണ് നമ്മുക്ക് മുന്നിൽ തുറക്കപ്പെടുന്നത്. ഇന്നും ഈ ട്രെയിൻ അതിന്റെ പ്രൗഢി ഒട്ടും ചോരാതെ സർവീസ് തുടരുന്നു. 12311/12312 എന്നീ നമ്പറുകളിലാണ് ഇന്ന് ഈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് അറിയപ്പെടുന്നത്. ഈസ്റ്റേൺ റെയിൽവേയാണ് ഈ ട്രെയിനിന്റെ നടത്തിപ്പുകാർ.
നേതാജി എക്സ്പ്രസ് വെറുമൊരു ട്രെയിൻ മാത്രമല്ല, ഇന്ത്യൻ റെയിൽവേയുടെയും, ഇന്ത്യൻ ചരിത്രത്തിന്റെയും ജീവനുള്ള ഒരു ഭാഗം കൂടിയാണ്. ഓരോ യാത്രയിലും ഈ ട്രെയിൻ നമ്മുക്ക് ഓർമ്മപ്പെടുത്തുന്നത് ഒരുപാട് ചരിത്ര കഥകളാണ്. 158 വർഷത്തെ ഈ യാത്ര, ഈ ട്രെയിൻ ഇനിയും എത്ര തലമുറകൾക്ക് ഗതാഗത സൗകര്യമൊരുക്കുമെന്നതിന്റെ സാക്ഷ്യമാണ്. അതുകൊണ്ട് തന്നെ നേതാജി എക്സ്പ്രസ്സിൽ ഒന്നെങ്കിലും യാത്ര ചെയ്യുന്നത് ഓരോ ഇന്ത്യക്കാരനും ഒരു മധുര സ്മരണയായിരിക്കും.