Share this Article
Union Budget
ബെംഗളൂരു മെട്രോ: യാത്രാക്കാർക്ക് സന്തോഷവാർത്ത; പർപ്പിൾ ലൈനിൽ കൂടുതൽ സമയം സർവീസ്, യെല്ലോ ലൈൻ ഉടൻ റെഡിയാകും
Bengaluru Namma Metro Update

ബെംഗളൂരുവിലെ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത. നഗരത്തിലെ പ്രധാന യാത്രാമാർഗമായ "നമ്മ മെട്രോ" പർപ്പിൾ ലൈനിന്റെ പ്രവർത്തന സമയം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ഇത് വഴി കൂടുതൽ യാത്രക്കാർക്ക് മെട്രോയുടെ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കും. നിലവിൽ വൈകുന്നേരം 5.56 ന് ആരംഭിക്കുന്ന മെട്രോ സർവീസ് ഇനി മുതൽ ഉച്ചയ്ക്ക് 3.56 ന് തന്നെ ആരംഭിക്കും. ഐടി പാർക്കുകളിലെ ജീവനക്കാർക്കും മറ്റ് വൈകുന്നേരത്തെ യാത്രക്കാർക്കും ഇത് ഏറെ ഉപകാരപ്രദമാകും.

ഐടിപിഎൽ (ITPL) മുതൽ മൈസൂരു റോഡ് വരെയുള്ള പർപ്പിൾ ലൈനിലാണ് പുതിയ സമയക്രമം മാർച്ച് 13 മുതൽ പ്രാബല്യത്തിൽ വരുന്നത്. നേരത്തെയുള്ള സർവീസിനൊപ്പം, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) വൈകുന്നേരം 8.00 വരെ അഞ്ച് മിനിറ്റ് ഇടവിട്ട് ട്രെയിനുകൾ ഓടിക്കും. പുതിയ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെട്രോ അധികൃതർ യാത്രക്കാരോട് അഭ്യർത്ഥിച്ചു. ഇത് യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നടപടിയാണെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ഏറെ നാളായി കാത്തിരിക്കുന്ന യെല്ലോ ലൈൻ ഈ വർഷം മെയ് മാസത്തോടെ പ്രവർത്തനക്ഷമമാകുമെന്നുള്ള ഏറ്റവും പുതിയ വിവരവും പുറത്തുവന്നിട്ടുണ്ട്. ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്ര വരെ നീളുന്ന ഈ പാത ദക്ഷിണ ബെംഗളൂരുവിനെയും നിരവധി ഐടി കമ്പനികൾ സ്ഥിതി ചെയ്യുന്ന തിരക്കേറിയ ഇലക്ട്രോണിക്സ് സിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കാൻ സഹായിക്കും.

കർണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡി.കെ. ശിവകുമാർ സംസ്ഥാന നിയമസഭാ സമ്മേളനത്തിൽ ബൊമ്മനഹള്ളി എംഎൽഎ എം സതീഷ് റെഡ്ഡിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഈ പ്രഖ്യാപനങ്ങൾ നടത്തിയത്.

19.1 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ 16 സ്റ്റേഷനുകളുണ്ടാകും. ഗതാഗതക്കുരുക്കിന് കുപ്രസിദ്ധമായ സെൻട്രൽ സിൽക്ക് ബോർഡ് പോലുള്ള സ്ഥലങ്ങളിലെ തിരക്ക് കുറയ്ക്കാൻ ഈ മെട്രോ ലൈൻ ലക്ഷ്യമിടുന്നു.

പിങ്ക് ലൈൻ അപ്ഡേറ്റ്

ഉപമുഖ്യമന്ത്രി പിങ്ക് ലൈനിനെക്കുറിച്ചുള്ള വിവരങ്ങളും പങ്കുവെച്ചു. കലേന അഗ്രഹാര (ഗൊട്ടിഗെരെ) മുതൽ നാഗവാര വരെയാണ് ഈ ലൈൻ. 21.2 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ 7.5 കിലോമീറ്റർ എലവേറ്റഡ് ഭാഗവും 13.7 കിലോമീറ്റർ ഭൂഗർഭ പാതയുമുണ്ട്.

അധികൃതരുടെ അഭിപ്രായത്തിൽ, കലേന അഗ്രഹാര മുതൽ താവരെക്കെരെ (സ്വാഗത് ക്രോസ്) വരെയുള്ള എലവേറ്റഡ് ഭാഗം 2025 ഡിസംബറോടെ പൂർത്തിയാകാൻ സാധ്യതയുണ്ട്. ഡയറി സർക്കിൾ മുതൽ നാഗവാര വരെയുള്ള ഭൂഗർഭ പാത 2026 ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ബെംഗളൂരുവിൻ്റെ ഗതാഗത സംവിധാനത്തിന് കൂടുതൽ കരുത്ത് പകരുന്ന ഈ പുതിയ മാറ്റങ്ങൾ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷ.

നിരക്ക് കൂട്ടിയതോടെ മെട്രോയിൽ കയറാൻ ആളില്ല; മറ്റു വരുമാന മാർഗം തേടി നമ്മ മെട്രോ

നമ്മ മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. മെട്രോ കോച്ചുകൾ പലപ്പോഴും ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണ്. ഇത് ബിഎംആർ‌സിഎല്ലിന് വൻ സാമ്പത്തിക നഷ്ടത്തിന് കാരണമായിരിക്കുന്നു. നഷ്ടം നികത്താനായി മെട്രോ ഇപ്പോൾ പരസ്യങ്ങളുടെ സഹായം തേടുകയാണ്.

ടിക്കറ്റ് നിരക്ക് വർധിച്ചതോടെ, പല യാത്രക്കാരും മെട്രോ ഉപേക്ഷിച്ച് ബിഎംടിസി ബസുകളിലേക്കും സ്വകാര്യ വാഹനങ്ങളിലേക്കും മടങ്ങി. ഇത് ബിഎംആർ‌സിഎല്ലിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. ഈ സാഹചര്യത്തിൽ, മെട്രോ ട്രെയിനുകളുടെ അകത്തും പുറത്തും പരസ്യങ്ങൾ പ്രദർശിപ്പിക്കാനുള്ള തീരുമാനത്തിലാണ് ബിഎംആർ‌സിഎൽ. ഇതിലൂടെ പ്രതിവർഷം 27 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഈ നീക്കത്തിനെതിരെ യാത്രക്കാർ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് കുറച്ചാൽ കൂടുതൽ യാത്രക്കാരെ ആകർഷിക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും കഴിയുമെന്നാണ് യാത്രക്കാരുടെ വാദം.

മലിനീകരണവും ആശങ്കയും

കർണാടക വായു മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം, നഗരത്തിലെ വായു മലിനീകരണത്തിന്റെ തോത് ഗണ്യമായി വർധിച്ചിട്ടുണ്ട്. മെട്രോ നിരക്ക് വർധനവിന് മുമ്പ്, തിരക്കേറിയ സമയങ്ങളിൽ പിഎം 2.5 കണങ്ങളുടെ അളവ് പ്രതി ഘനമീറ്ററിന് 43 മുതൽ 54 മൈക്രോഗ്രാം വരെയായിരുന്നു. എന്നാൽ ഫെബ്രുവരി 10-ന് ഇത് 112 മുതൽ 114 മൈക്രോഗ്രാം വരെ ഉയർന്നു. തുടർന്നുള്ള ആഴ്ചകളിലും ഈ പ്രവണത തുടർന്നു. ഫെബ്രുവരി 17, 24 തീയതികളിൽ ശരാശരി 68 മുതൽ 105 മൈക്രോഗ്രാം വരെയായിരുന്നു മലിനീകരണത്തിന്റെ തോത്.

വായു മലിനീകരണം ആസ്ത്മ മുതൽ കാൻസർ വരെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. മലിനീകരണത്തിന്റെ തോത് വർധിക്കുന്നത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണിയാണ്. ഈ സാഹചര്യത്തിൽ, മെട്രോ നിരക്ക് കുറച്ച് കൂടുതൽ ആളുകളെ പൊതുഗതാഗതം ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് വായു മലിനീകരണം കുറയ്ക്കാനും പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article