കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമായ ഇടുക്കി ജില്ലയിലെ പാമ്പാടുംചോല ചുട്ടുപൊള്ളുന്ന വെയിലിലും കുളിരുള്ള കാഴ്ച്ചകളും കാലാവസ്ഥയുമാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. ഇവിടുത്തെ ചോല വനങ്ങളുടെ വശ്യത ആരെയും ആകർഷിക്കുന്നതാണ്. വൈവിധ്യമാർന്ന മരങ്ങളും കാട്ട്ചെടികളും ജീവജാലങ്ങളും ചോലകളുടെ കാഴ്ചവസന്തവുമെല്ലാം ഒത്തൊരുമിക്കുന്നതോടെ പാമ്പാടുംചോല സഞ്ചാരികൾക്ക് നൽകുന്നത് തന്നുത്ത അനുഭവമാണ്.
മൂന്നാറിൽ നിന്നും 35 കിലോമീറ്റർ ദൂരത്താണ് പാമ്പാടുംചോല ദേശിയോദ്യാനം.മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള യാത്ര മധ്യേ പമ്പാടും ചോലയിലെ കാഴ്ചകൾ കാണാം.11.75 ചതുരശ്രയടി മാത്രം വിസ്തീർണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ ദേശീയോദ്യാനം കൂടിയാണിത്.വംശനാശം സംഭവിക്കുന്ന സസ്യങ്ങളെയും ജീവികളെയും പ്രത്യേകം സംരക്ഷിക്കുന്ന ഇടം.
കൊടും വേനലിലും പാമ്പാടുംചോലയിലെ പുലർകാലങ്ങളിൽ മഞ്ഞുപറക്കും. അതിസുന്ദര കാഴ്ചകൾക്കൊപ്പം കിളികൾ തലങ്ങും വിലങ്ങും ചിലച്ചു പായും . എല്ലാം മറന്ന് ദൂരെ കണ്ണുനട്ടിരുന്നാൽ മറക്കാനാകാത്ത അനുഭൂതി ആ കാഴ്ചകൾ സമ്മാനിക്കും.പല നിറങ്ങളുള്ള ചോലയിലെ ഇലകളിലേക്കും മരങ്ങളിലേക്കും അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തിൻ്റെ കാഴ്ച്ച വർണ്ണനാതീതമാണ്. പ്രകൃതിയോടിണങ്ങി പഠിക്കാനും കാഴ്ചക്കാരനാകാനുമുള്ള അവസരം ഇവിടെ സഞ്ചാരികൾക്കായി വനം വകുപ്പ് ഒരുക്കുന്നുണ്ട്.
ഞാവൽ , എടന്ന, കരിമരം , വെട്ടി , മെഴുകുനാറി,മലവിറിങ്ങി, കാട്ടുവിഴാൽ തുടങ്ങി കേട്ടതും കേൾക്കാത്തതുമായ കാട്ടൂമരങ്ങളും സസ്യങ്ങളും അടിക്കാടുകളും ഒക്കെ കൊണ്ട് സമ്പന്നമാണ് പാമ്പാടും ചോല ദേശീയോദ്യാനം. ഈ കാഴ്ചകൾ ചോലയ്ക്കുള്ളിൽ താമസിച്ചു കാണാനും വനം വകുപ്പ് ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. മഡ് ഹൗസ് , ഡോർമെറ്ററി ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങളും ട്രക്കിങ്ങും സഞ്ചാരികളെ കാത്തിരിക്കുന്നു.