Share this Article
എരുമേലി വിമാനത്താവള പദ്ധതി; തുടര്‍നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍
വെബ് ടീം
posted on 18-04-2023
1 min read
Sabarimala Airport News:  Erumeli Airport Project; The state government has speeded up the follow-up

എരുമേലി വിമാനത്താവള പദ്ധതിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സൈറ്റ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പിന്നാലെ തുടര്‍നടപടികള്‍ വേഗത്തിലാക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍വ്വേ നടപടികള്‍ ഉടന്‍ തുടങ്ങാനാണ് സര്‍ക്കാര്‍ നീക്കം. 2570 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്ക് ആവശ്യം.

3500 മീറ്റര്‍ റണ്‍വേക്കും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുവാനുമായി വേണ്ടത് 2570 ഏക്കര്‍ സ്ഥലമാണ്. ഇത്രയും പ്രദേശം എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ നിന്നും മറ്റു സ്വകാര്യ വ്യക്തികളില്‍ നിന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ ഡിസംബറിലാണ് ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ചെറുവള്ളി എസ്റ്റേറ്റിനു പുറമെ സ്വകാര്യവ്യക്തികളില്‍ നിന്നുമായി 307ഏക്കര്‍ ഭൂമി കൂടി കണ്ടെത്തണം. ഭൂമിയുടെ സര്‍വ്വേ നടപടികള്‍ക്കായി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കാനാണ് സര്‍ക്കാര്‍ നീക്കം. പട്ടയഭൂമിയായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമടക്കം കോടതിയുടെ പരിഗണയിലാണ്. സര്‍വ്വേ നടപടികള്‍ക്ക് ഇത് തടസ്സമാകില്ല എന്ന നിലപാടിലാണ് സര്‍ക്കാര്‍. നെടുമ്പാശ്ശേരി വിമാനത്താവള കമ്പനിയായ സിയാല്‍ മോഡല്‍ കമ്പനി രൂപീകരിക്കാനാണ് തീരുമാനം.

സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് വിശദമായ പദ്ധതിരേഖ തയ്യാറാക്കും. കുടിയൊഴിപ്പിക്കല്‍ വേണ്ടാത്തതിനാല്‍ അനുബന്ധ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. എരുമേലി വിമാനത്താവള പദ്ധതി നടപ്പില്‍ വരുന്നതോടെ ശബരിമല തീര്‍ത്ഥാടകരുടെയും ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലെ പ്രവാസികളുടെയും യാത്രാപ്രശ്‌നം പരിഹരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷ.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories