സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ചീഫ് എഡിറ്ററായ ഡിവൈഎഫ്‌ഐയുടെ മുഖമാസിക യുവധാരയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. സ്പീക്കര്‍ സ്ഥാനം ഏറ്റെടുത്ത് ഏഴു മാസം പിന്നിട്ടിട്ടും യുവധാരയുടെ ചീഫ് എഡിറ്റര്‍ സ്ഥാനത്ത് സ്പീക്കര്‍ തുടരുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ ആരോപണം.യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതി അംഗം ജെ.എസ് അഖിലാണ് ന്യൂസ് പേപ്പര്‍ ഫോര്‍ ഇന്ത്യ രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്.
സ്പീക്കർ സ്ഥാനം ഏറ്റെടുത്ത് ഏഴു മാസം പിന്നിട്ടിട്ടും യുവധാരയുടെ ചീഫ് എഡിറ്റർ സ്ഥാനത്ത് സ്പീക്കർ തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് അഖിൽ കുറ്റപ്പെടുത്തി. രാഷ്ട്രീയ ഭേദമന്യേ നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട പദവിയാണ് സ്പീക്കറുടെത്. എന്നാൽ, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന യുവധാരയുടെ സ്ഥാനത്ത് എ എൻ ഷംസീർ ഇരിക്കുന്നത് ഔചിത്യമല്ല.
ഇത് സ്പീക്കർ പദവിക്ക് ചേർന്ന നടപടിയല്ലയെന്നും അഖിൽ ചൂണ്ടിക്കാട്ടി. സ്പീക്കർ ചുമതല ഏറ്റെടുത്തപ്പോൾ, പാർട്ടി സ്ഥാനമാനങ്ങൾ രാജിവച്ചവരുടെ പേരുകൾ സഹിതം ചൂണ്ടിക്കാട്ടിയാണ് അഖിൽ ന്യൂസ് പേപ്പർ ഫോർ ഇന്ത്യ രജിസ്ട്രാർക്ക് പരാതി നൽകിയത്.