കാർണാടകയ്ക്ക് പിന്നാലെ തമിഴ്നാട്ടിലും പാൽ വിവാദം തിളയ്ക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചരണകാലത്തായിരുന്നു കർണാടകയിൽ അമൂലിനെതിരെയുള്ള പ്രതിഷേധം ശക്തമായത്. ഇപ്പോൾ അമൂലിനെതിരെ രംഗത്ത് വന്നിരിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആണ്. ഇതുസംബധിച്ചുള്ള ആശങ്ക അറിയിച്ചുകൊണ്ട് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായ്ക്ക് സ്റ്റാലിൻ കത്തയിച്ചിരിക്കുകയാണ്. അമൂലിനെതിരെ തമിഴ്നാട് സർക്കാർ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് നോക്കാം.
സർക്കാർ ഉടമസ്ഥതയിലുള്ള കർണാടക മിൽക്ക് ഫെഡറേഷൻ്റെ നന്ദിനി മിൽക്കിന് എതിരാളിയായി അമൂൽ എത്തിയതോടെയാണ് കർണാടകയിൽ വിവാദത്തിന് തുടക്കമായത്. സംസ്ഥാനത്തെ ക്ഷീര കർഷകരിൽ നിന്ന് അമൂൽ നേരിട്ട് പാൽ സംഭരിക്കാൻ ഒരുങ്ങിയതാണ് തമിഴ്നാടിനെ ചൊടിപ്പിച്ചത്. തമിഴ്‌നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആവിന്റെ പാൽ സംഭരണത്തെ ബാധിക്കുന്ന തരത്തിൽ ആണ് അമൂലിൻ്റെ പ്രവർത്തനമെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നുമാണ് സ്റ്റാലിൻ്റെ ആവശ്യം.