കാസര്‍ഗോഡ്: കേരളാവിഷനിലൂടെ ഇന്റര്‍നെറ്റ് ജനങ്ങളിലേക്ക് എത്തിക്കുന്ന കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലും കണക്ഷനുകള്‍ നല്‍കി തുടങ്ങി. ജില്ലയില്‍ 295 ഗുണഭോക്താക്കളുടെ ലിസ്റ്റ് ആണ് ലഭ്യമായിട്ടുള്ളത്. അതില്‍ തന്നെ 195 പേരെ മാത്രമേ തിരിച്ചറിയാന്‍ സാധിച്ചുള്ളൂ. ജൂണ്‍ 5 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വൈകിട്ട് നാലിന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ കെ ഫോണ്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. കെ.ഫോണ്‍ പദ്ധതിയുടെ മടിക്കൈ പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ടെലികോം മേഖലയിലെ വന്‍കിട കോര്‍പ്പറേറ്റ് ശക്തികള്‍ക്കെതിരെയുള്ള സര്‍ക്കാരിന്റെ ജനകീയ ബദല്‍ കൂടിയാണ് കെ ഫോണ്‍ പദ്ധതി എന്നും കേരളാ വിഷന്‍ സാമൂഹ്യ പ്രതിബദ്ധതയോടു കൂടി കണക്ഷനുകള്‍ നല്‍കാന്‍ തയ്യാറായി വന്നത് സ്വാഗതാര്‍ഹമാണെന്നും ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. കോവിഡ് കാലത്തും ഇന്റര്‍നെറ്റ് ലഭ്യമാകാത്ത സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കേരളാവിഷന്‍ ഏറെ സഹായകരമായിട്ടുണ്ടെന്നും ബേബി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
മടിക്കൈ പഞ്ചായത്തിലെ കുതിരുമ്മല്‍ സന്തോഷിന്റെ കുടുംബത്തിന് ആദ്യ കണക്ഷന്‍ നല്‍കിയാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത അധ്യക്ഷത വഹിച്ചു. കേരളാ വിഷന്‍ ഡയറക്ടര്‍ എം.ലോഹിതാക്ഷന്‍ പദ്ധതി വിശദീകരിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുജാത.കെ, മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ രമ പത്മനാഭന്‍ സ്വാഗതവും കേരളവിഷന്‍ ഓപ്പറേറ്റര്‍ ഷിജു ചേടീറോഡ് നന്ദിയും പറഞ്ഞു.