കട്ടക്ക്: രാജ്യത്തെ നടുക്കിയ ഒഡിഷ തീവണ്ടി ദുരന്തത്തിൽ ഇരുനൂറിലധികം പേർക്കാണ് ജീവൻ നഷ്ടമായത്.തൊള്ളായിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ നാല് മലയാളികൾക്കും പരിക്കേറ്റതായാണ് വിവരം.രക്ഷാ പ്രവർത്തനം അവസാനിപ്പിച്ചതായി റെയിൽവേ അറിയിച്ചിട്ടുണ്ട്.കണ്ണീർ ഭൂമിയായി മാറിയിരിക്കുകയാണ് ഒഡിഷ. പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി സ്ഥിതി വിലയിരുത്തും.പ്രധാനമന്ത്രി അടിയന്തിര യോഗവും വിളിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
സമീപകാലത്തെ വലിയ അപകടം ക്ഷണിച്ചു വരുത്തിയതാണെന്നു ആരോപിച്ചും നിരവധി വിമർശനങ്ങൾ ഇതിനകം കേന്ദ്രത്തിനെതിരെ വന്നു കഴിഞിട്ടുണ്ട്. കേന്ദ്രത്തിനു വന്ദേ ഭാരത് പോലുള്ള ട്രെയിനുകൾ ഇറക്കുന്നതിലാണ് ശ്രദ്ധ എന്ന് വരെ വിമർശിച്ച രാഷ്ട്രീയ നേതാക്കളുണ്ട്. ഒഡിഷയിൽ നടന്നത് കൂട്ടക്കുരുതിയാണെന്ന് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം കേരളവിഷനോട് പ്രതികരിച്ചത്. അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജി വയ്ക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു. കേന്ദ്ര റെയിൽവേ മന്ത്രിയുടെ രാജി ആവശ്യം ഇതിനകം ഉയർന്നു കഴിഞ്ഞു.
രാജ്യത്തെ നടുക്കിയ തീവണ്ടി അപകടങ്ങളെ തുടർന്ന് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ച റെയിൽവേ മന്ത്രിമാരുണ്ട്. ചിലരുടെ രാജി പ്രധാനമന്ത്രിമാർ നിരസിച്ചിട്ടുമുണ്ട്.
ലാൽ ബഹദൂർ ശാസ്ത്രി
1956-ൽ അന്നത്തെ റെയിൽവേ മന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി തമിഴ്‌നാട്ടിലെ അരിയല്ലൂർ ട്രെയിൻ അപകടത്തിൽ 150-ലധികം യാത്രക്കാർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെച്ചിരുന്നു.അദ്ദേഹത്തിന്റെ രാജിക്ക് ശേഷം അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു അദ്ദേഹത്തെ ഏറ്റവും സത്യസന്ധനായ വ്യക്തിയായി വിശേഷിപ്പിച്ചു. പിന്നീട് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരിച്ചെടുത്തു.
നിതീഷ് കുമാർ
ലാൽ ബഹാദൂർ ശാസ്ത്രി വിടപറഞ്ഞ് 43 വർഷത്തിന് ശേഷമാണ് റെയിൽവേ മന്ത്രിയിൽ നിന്നുള്ള രണ്ടാമത്തെ രാജി. 1999 ഓഗസ്റ്റിൽ 290 പേരുടെ മരണത്തിനിടയാക്കിയ ആസാമിലെ ഗൈസാൽ ട്രെയിൻ ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നിതീഷ് കുമാർ രാജിവച്ചു.
മമത ബാനർജി
2000-ൽ, ഒരേ വർഷം രണ്ട് ട്രെയിൻ ദുരന്തങ്ങൾക്ക് ശേഷം ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മമത ബാനർജി തന്റെ സ്ഥാനം രാജിവച്ചു. എന്നാൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാർ വാജ്‌പേയി അവരുടെ രാജി നിരസിച്ചിരുന്നു.
സുരേഷ് പ്രഭു
2017ൽ തീവണ്ടി അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് രാജി വാഗ്ദാനം ചെയ്തു . നാല് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രെയിൻ പാളം തെറ്റിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സുരേഷ് പ്രഭു റെയിൽവേ മന്ത്രി സ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചത് . താൻ രാജിക്കത്ത് നൽകിയെന്ന് പ്രഭു പ്രത്യേകം പരാമർശിച്ചില്ലെങ്കിലും ട്വീറ്റുകളുടെ ഭാഷ കണക്കിലെടുത്ത് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചതാകാമെന്ന വാർത്തയാണ് പുറത്ത് വന്നത്. കാത്തിരിക്കാൻ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടതായി പ്രഭു പിന്നീട് ട്വീറ്റ് ചെയ്തു.