തൃശ്ശൂര്‍ നെല്ലിക്കുന്ന് ഹരിത നഗര്‍ സ്വദേശി വല്ലച്ചിറക്കാരൻ ഡേവിസിന്റെ വീട്ടിലെത്തിയാൽ സ്വീകരണമുറി മുതൽ ബെഡ് റൂമിൽ വരെ സൈക്കിളുകളാണ് അതും 100 വർഷം വരെ പഴക്കമുള്ളവ. ഇത്തരത്തിലുള്ള 120ഓളം വിന്റേജ് സൈക്കിളുകളാണ് ഡേവീസ് നിധിപോലെ വീട്ടില്‍ സൂക്ഷിക്കുന്നത്.
ബ്രട്ടീഷ് കാലത്തെ അംബാസഡർ, റോയൽ എൻഫീൽഡ്, ട്രയംഫ്, ഇംമ്പാല തുടങ്ങി വാഹന പ്രേമികളുടെ പ്രിയ കമ്പനികളുടെയൊക്കെ ആദ്യകാല സൈക്കിളുകളെല്ലാം ഡേവിസിന്റെ ശേഖരത്തിലുണ്ട്. ഈ കമ്പനികൾ ഒരു നൂറ്റാണ്ടോളം മുൻപു പുറത്തിറക്കിയ സൈക്കിളുകളാണ് ഇവയൊക്കെയും.
റാലി ഇംഗ്ലണ്ട്, ഹെർക്കുലീസ്, ഫിലിപ്സ്, റോബിൻഹുഡ് തുടങ്ങിയവയടക്കം 120 വിന്റേജ് സൈക്കിളുകൾ ഡേവിസിന്റെ വീട്ടിലുണ്ട്. 50ലേറെ വ്യത്യസ്ത ബ്രാൻഡുകൾ ഈ ശേഖരത്തിൽ കാണാം. 15 വർഷമായി തുടരുന്ന സൈക്കിൾ സമാഹരണം മൂലം ഡേവിസിന്റെ കിടപ്പുമുറിയടക്കം സൈക്കിള്‍ ഗ്യാരേജാണ്..
പഴയകാല സൈക്കിളുകളാണെങ്കിലും അത്ഭുതപ്പെടുത്തുന്ന സാങ്കേതികവിദ്യകൾ ഈ സൈക്കിളുകളിൽ കാണാം. ത്രീ സ്പീഡ് ഗിയർ, ഡയനോമോ ലൈറ്റുകൾ,
മണ്ണെണ്ണയിൽ പ്രവർത്തിക്കുന്ന ലൈറ്റുകൾ, കാറ്റടിക്കുന്ന പമ്പുകൾ തുടങ്ങി വ്യത്യസ്തമാര്‍ന്ന ടെക്നോളജികളാണ് സൈക്കിളുകളിൽ ഉള്ളത്.
പുരാവസ്തുക്കളോടുള്ള കമ്പം വളരെ ചെറുപ്പത്തിൽ ആരംഭിച്ചതാണ് ഡേവിസിന്. വളരെ കഷ്ടപ്പെട്ടാണ് വർഷങ്ങൾ പഴക്കമുള്ള സൈക്കിളുകൾ കണ്ടെത്തി മോഹവിലകൊടുത്ത് വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം സൈക്കിളുകളും അദ്ദേഹം ഉപയോഗിക്കാറുണ്ട്. സൈക്കിളുകളുടെ പ്രദർശനങ്ങൾ നടത്തണമെന്നും അതിലൂടെ ലഭിക്കുന്ന വരുമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നുമാണ് ഡേവിസിൻ്റെ ആഗ്രഹം