കണ്ണൂർ: പിണറായി സ്വദേശിനിയായ 24കാരിയെ കതിരൂരിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്.ശനിയാഴ്ച അർധരാത്രിയാണ് മേഘയെ നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂരിൽ ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് ഭർതൃവീട്ടിൽ തിരിച്ചെത്തിയശേഷമാണ് സംഭവം.
2023 ഏപ്രിൽ രണ്ടിനാണ് മേഘയുടെ വിവാഹം നടന്നത്. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ കതിരൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
കോഴിക്കോട് ഹൈലൈറ്റ് മാളിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലി ചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. ഭർത്താവ്: സച്ചിൻ (ഫിറ്റ്നസ് ട്രെയിനർ, കതിരൂർ). സഹോദരി: മാനസ മനോഹരൻ (ലാബ് ടെക്നീഷൻ, ചൊക്ലി).
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)