കേരള രാഷ്ട്രീയ ചരിത്രത്തിൽ ജനങ്ങളോട് ഏറ്റവും അടുപ്പം കാണിച്ചിട്ടുള്ള രാഷ്ട്രീയ നേതാവാണ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെ ബി ഗണേഷ് കുമാർ എം എൽ എ. ഏതൊരാൾക്കും ഏത് സമയത്തും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പിതാവ് മരിച്ചുകിടക്കുന്ന സമയത്ത് ഒരാൾ വന്ന് അദ്ദേഹത്തിന് നിവേദനം നൽകിയ കാര്യവും ഗണേഷ് കുമാർ ഓർത്തെടുക്കുന്നു. ആ സമയത്ത് വന്ന വ്യക്തിയെ ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ കണ്ടിരുന്ന തങ്ങൾക്ക് അത്ഭുതമായെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഉമ്മൻ ചാണ്ടി എന്ന ജനമധ്യത്തിൽ നിൽക്കുന്ന രാഷ്ട്രീയക്കാരനിൽ നിന്ന് വ്യത്യസ്തനായിരുന്നു അദ്ദേഹം നിയമസഭയിൽ. തന്ത്രപരമായി മറുപടി പറയുന്ന ഒരു രാഷ്ട്രീയ നേതാവിനെ നിയമസഭയിൽ കാണാം.
നിയമസഭയിൽ ഏതൊരു വിഷയത്തിലും വാദിച്ച് നിൽകുന്ന വ്യക്തിയായിരുന്നു. അടിയന്തര പ്രമേയമൊക്കെ വരുമ്പോൾ അതിനെ വാദിച്ച് നിൽക്കുകയും ഏറ്റവും അവസാനം ഇത് സംബന്ധിച്ചുള്ള ഏതെങ്കിലും പേപ്പർ എടുത്ത് എതിർ ശബ്ദങ്ങളുടെ മുനയൊടിക്കുന്ന ബുദ്ധിമാനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും കേരള വിഷനോട് പ്രതികരിക്കവേ ഗണേഷ് കുമാർ പറഞ്ഞു.
പൊതുപ്രവർത്തകനാകാൻ വേണ്ടി ജനിച്ച ഒരാളാണ് ഉമ്മൻ ചാണ്ടിയെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ഗണേഷ് കുമാർ പറയുന്നു. ഞായറാഴ്ച ദിവസം പള്ളിയിൽ പോകുമെന്ന് ഒഴിച്ചാൽ അദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയക്കാരനായിരുന്നു. കുടുംബ കാര്യങ്ങളിൽ പോലും അദ്ദേഹം ഇടപെട്ടിരുന്നില്ല.
ഒരു ദിവസം ക്യാബിനറ്റ് യോഗം കഴിഞ്ഞ് പോകുമ്പോൾ മാനസിക രോഗിയായ ഒരാൾ ഉമ്മൻ ചാണ്ടിയുടെ മുഖ്യമന്ത്രി കസേരയിൽ കയറി ഇരുന്ന സംഭവവും ഗണേഷ് കുമാർ ഓർത്തെടുക്കുന്നു. എല്ലാവരും ഓടിച്ചെന്ന് അയാളെ മാറ്റാൻ ശ്രമിച്ചപ്പോൾ സാരമില്ല, അയാൾ അവിടെ ഇരുന്നോട്ടേ എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. ഇത്തരത്തിൽ പ്രതികരിക്കുന്ന ഒരാളെ കാണാൻ കഴിയില്ലെന്നും ഗണേഷ് കുമാർ പറയുന്നു.