Share this Article
അർദ്ധരാത്രിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഒരു സൗഹൃദസംഭാഷണത്തിന് പോലും മുതിർന്നില്ല; ചുറ്റിലും ആൾക്കൂട്ടമുണ്ടായിരുന്നു; ഓർമ്മിച്ച് കുഞ്ചാക്കോ ബോബനും പിഷാരടിയും
വെബ് ടീം
posted on 18-07-2023
1 min read
kunjacko boban and Pisharadi react on OOmman chandi demise

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ   ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം വലിയ നഷ്ടമെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഉമ്മന്‍ ചാണ്ടിയുമായി വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ജനസമ്മതനായ നേതാവാണ് അദ്ദേഹം. ജനങ്ങള്‍ക്ക് വേണ്ടി നിസ്വാര്‍ഥമായാണ് പ്രവര്‍ത്തിച്ചത്.പൊതുജീവിതത്തിലും ജനങ്ങള്‍ക്ക് വേണ്ടി നിലക്കൊണ്ട യഥാര്‍ഥ മനുഷ്യ സ്‌നേഹിയാണ് അദ്ദേഹമെന്നും കുഞ്ചാക്കോ ബോബന്‍ മാധ്യമങ്ങളോട് പറഞ്ഞു

'അദ്ദഹത്തിന്റെ വീട്ടിലേക്ക് മുന്‍കൂട്ടി അറിയിക്കാതെ തന്നെ കയറി ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ആ സ്വാതന്ത്ര്യമുണ്ട്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. എന്നെ സംബന്ധിച്ച് വലിയ ഒരു നഷ്ടമാണ്. ഒരു ദിവസം രാത്രി അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ മുറിയില്‍ ഫയലുകളുടെ കൂടാരത്തില്‍ അദ്ദേഹം ഇരിക്കുന്നതാണ് കണ്ടത്. ചുറ്റിലും ആളുകള്‍ ഉണ്ടായിരുന്നു. അര്‍ദ്ധരാത്രിയില്‍ പോലും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഫയലുകള്‍ നോക്കുന്ന ഉമ്മന്‍ ചാണ്ടിയെ കണ്ടപ്പോള്‍ ഒരു സൗഹൃദ സംഭാഷണത്തിന് പോലും മുതിരാന്‍ തോന്നിയില്ല. ആരോഗ്യം പോലും കണക്കിലെടുക്കാതെയാണ് അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്'- കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍.

പല വേദികളിലും താന്‍ അദ്ദേഹത്തെ അനുകരിച്ചിട്ടുണ്ടെങ്കിലും ചിരിച്ച മുഖത്തോടെയാണ് അദ്ദേഹം അത് സ്വീകരിച്ചിരുന്നതെന്ന് നടന്‍ രമേശ് പിഷാരടി പറഞ്ഞു. 'പലപ്പോഴും ആക്ഷേപഹാസ്യങ്ങള്‍ അതിരുവിട്ടു എന്ന് നമുക്ക് പോലും തോന്നുമ്പോഴും അദ്ദേഹം സഹൃദയത്വത്തോടെ കാണാനും കേള്‍ക്കാനും തയ്യാറായി. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് നമ്മുടെ അടുത്തേയ്ക്ക് വരുന്ന നേതാക്കളെ പിന്നീട് അടുത്തുപോയി  കാണാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ കാര്യത്തില്‍ ഇത് തികച്ചും വ്യത്യസ്തമാണ്. ആര്‍ക്കും എപ്പോഴും അദ്ദേഹത്തിന്റെ അരികിലേക്ക് പോകാന്‍ സാധിക്കും. അദ്ദേഹം അവരുടെ ഇടയിലൂടെയാണ് നടന്നിരുന്നത്. വലിപ്പചെറുപ്പമില്ലാതെ എല്ലാവരെയും ഒരേ പോലെ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു അദ്ദേഹം. ആ ജനക്കൂട്ടം അത്ഭുതപ്പെടുത്തിയിട്ടുണ്ട്' - രമേശ് പിഷാരടിയുടെ വാക്കുകള്‍

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories