Share this Article
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് വീണ്ടും ഭീഷണിയെന്ന് പരാതി ; ലോണ്‍ ആപ്പിനെതിരെ കേസെടുത്ത് പൊലീസ്
വെബ് ടീം
posted on 14-09-2023
1 min read
kadamakudi suicide and case against loan app

കൊച്ചി കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് കുടുംബത്തിന് നേരെ വീണ്ടും ഭീഷണി ഉണ്ടായെന്ന് പരാതി. ഇതിനെ തുടർന്ന്  ഓണ്‍ലൈന്‍ ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. വരാപ്പുഴ പൊലീസാണ് കേസെടുത്തത്.

കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശില്‍പ, മക്കള്‍ ഏബല്‍ (7), ആരോണ്‍(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളില്‍ ചെന്ന് കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

മരണത്തിന് ശേഷവും ശില്പയുടെ മോര്‍ഫ് ചെയ്ത ചിത്രത്തിനൊപ്പം ചില ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെ ഫോണിലേക്ക് എത്തുന്നുണ്ട്. ശ്രീലങ്കയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പരില്‍ നിന്നാണ് കോള്‍ വരുന്നത്. ലിജോയുടെയും ഭാര്യയുടെയും ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

ഫോൺ ലിസ്റ്റിലുള്ള 25 പേരുടെ നമ്പറും ബന്ധുവായ സ്ത്രീക്ക് അയച്ചു നൽകിയിരുന്നു. കൂട്ടമരണത്തിന്റെ ആഘാതത്തിലായിരുന്ന ബന്ധു ഇതു കാര്യമായി എടുത്തിരുന്നില്ല. എന്നാൽ രാത്രിയോടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രം ബന്ധുവിന്റെ ഫോണിൽ ലഭിച്ചു. ഫോൺ ലിസ്റ്റിലുള്ള മറ്റു പലർക്കും ഇതേ ചിത്രം അയച്ചിട്ടുണ്ട്. 

തുടർന്ന് ഭീഷണി സന്ദേശവും മോർഫ് ചെയ്ത ചിത്രവും അയച്ച നമ്പറിലേക്ക് പൊലീസും ബന്ധുക്കളും വിളിച്ചെങ്കിലും  വ്യക്തമായ മറുപടി ലഭിച്ചില്ല. ഈ നമ്പറിലേക്ക് വിളിച്ചാൽ ശ്രീലങ്കയിലേക്കാണ് കോൾ പോകുന്നതെന്ന് മുനമ്പം ഡിവൈഎസ്പി പറഞ്ഞു. നാലം​ഗ കുടുംബത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് മരിച്ച നിജോയുടെ അമ്മ എറണാകുളം റൂറൽ എസ്പിക്ക് പരാതി നൽകി. 

ഓൺലൈൻ വായ്പാ ഏജൻസിയുടെ ഭീഷണിയും മാനസിക പീഡനവുമാണ് കുടുംബത്തിന്റെ ദാരുണാന്ത്യത്തിന് വഴിതെളിച്ചതെന്ന് പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശിൽപ (29) മക്കളായ ഏയ്ബല്‍(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. കുട്ടികളെ കൊലപ്പെടുത്തിയശേഷം ദമ്പതിമാര്‍ വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. 


ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories