തൃശ്ശൂര്‍ ചിറക്കാക്കോട് തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു. ചിറക്കാക്കോട് സ്വദേശി ജോജി (40) മകൻ ടെൻഡുൽക്കർ (12) എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ജോജിയുടെ ഭാര്യ ലിജി ഗുരുതരാവസ്ഥയിൽ തുടരുകയാണ് .
കുടുംബ വഴക്കിനെ തുടർന്ന് ബുധനാഴ്ച്ച അർധരാത്രിയോടെ ജോജിയുടെ പിതാവ് ജോൺസൺ മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. തീ കൊളുത്തിയ ശേഷം പിതാവ് ജോൺസണെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു.ജോജിയുടെ ഭാര്യ ലിജിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇവരും കൊച്ചിയിൽ ചികിത്സയിലാണ്. വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ജോൺസൺ തൃശൂരിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോൺസൺ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയിൽ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോൺസൺ മകന്റെ മുറിയിൽ പെട്രോൾ ഒഴിച്ച് കത്തിച്ചത്. രണ്ടു വർഷത്തോളമായി ജോൺസനും മകനും പല കാര്യങ്ങളിലും തർക്കം ഉണ്ടായിരുന്നതായി സമീപവാസികൾ പറയുന്നു.